
സ്വന്തം ലേഖകൻ: യുഎഇയിൽ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി. ഇതോടെ കോവിഡ് പ്രതിരോധത്തിനു യുഎഇയിൽ കുട്ടികൾക്ക് ലഭ്യമാകുന്ന രണ്ടാമത്തെ വാക്സിനായി ഫൈസർ. നേരത്തെ 3 വയസ്സിനു മുകളിലുള്ളവർക്കു സിനോഫാമും 12നു മുകളിലുള്ളവർക്കു ഫൈസർ വാക്സിനും നൽകാൻ അനുമതി ലഭിച്ചിരുന്നു.
കൂടുതൽ കുട്ടികൾ വാക്സിൻ എടുക്കുന്നതോടെ സ്കൂളുകളിൽ സമ്പൂർണ പഠനം തുടങ്ങാനാകും. ആരോഗ്യ മന്ത്രാലത്തിനു കീഴിലുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും വാക്സിൻ ലഭിക്കും. ദുബായിലുള്ളവർ ഡിഎച്ച്എ ആപ് വഴി ബുക്ക് ചെയ്യണം. അബുദാബിയിലും ഇതര എമിറേറ്റിലുമുള്ളവർ സേഹ ആപ്പീലൂടെയോ 800 50 നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യണം.
അബുദാബിയിൽ വാക്സിൻ എടുത്ത കുട്ടികളുടെ തോത് അനുസരിച്ച് കളർ കോഡ് നൽകി വേർതിരിച്ച് ഇളവു നൽകുമെന്ന് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് പ്രഖ്യാപിച്ചിരുന്നു. 85% കൂടുതൽ കുട്ടികൾ വാക്സിൻ എടുത്ത ബ്ലൂ സ്കൂളിൽ മാസ്കും അകലം പാലിക്കലും ഒഴിവാക്കിയേക്കും. ഇതേസമയം 16 വയസ്സിനു താഴെയുള്ള കുട്ടികൾ വാക്സിൻ എടുക്കണമെന്ന് നിർബന്ധിക്കാൻ പാടില്ലെന്ന് സ്കൂൾ അധികൃതരോട് നിർദേശിച്ചു.
ഫൈസർ, സ്പുട്നിക് വാക്സിനുകൾ സ്വീകരിച്ചവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ മന്ത്രാലയം തീരുമാനിച്ചു. 18– 49 പ്രായക്കാർക്ക് ബൂസ്റ്റർ സ്വീകരിക്കാം. നേരത്തെ 50ന് മുകളിലുള്ളവർക്കാണ് നൽകിയിരുന്നത്. കോവിഡ് മുൻനിര പോരാളികളായ 18-59 വയസ്സിനിടയിലുള്ളവരും ബൂസ്റ്റർ ഡോസ് എടുക്കണം.
അതിനിടെ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം 2 ആഴ്ചയ്ക്കകം പൂർണതോതിൽ പുനരാരംഭിക്കുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു. അടഞ്ഞു കിടക്കുന്ന അവസാനത്തെ കോൺകോഴ്സും തുറക്കും. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ജൂൺ 24നാണ് ടെർമിനൽ ഒന്ന് തുറന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല