1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2021

സ്വന്തം ലേഖകൻ: 2070ഓടെ കാർബൺ പുറന്തള്ളൽ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് (നെറ്റ് സീറോ) പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർബൺ പുറന്തള്ളലും അന്തരീക്ഷത്തിൽനിന്നുള്ള ഒഴിവാക്കലും സമമാകുന്ന സ്ഥിതിയിലേക്ക് എത്തിക്കും. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് യോഗത്തിൽ (കോപ്) സംസാരിക്കുകയായിരുന്നു മോദി. കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുന്നതിന് ആദ്യമായാണ് ഇന്ത്യ സമയക്രമം പ്രഖ്യാപിക്കുന്നത്.

ഇതുൾപ്പെടെ അഞ്ച് പ്രധാന പ്രഖ്യാപനങ്ങളാണ് മോദി നടത്തിയത്. 2030ഓടെ ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നുള്ള ഊർജത്തിന്‍റെ അളവ് 500 ജിഗാ വാട്ട് ആയി ഉയർത്തും, 2030ഓടെ ഇന്ത്യക്ക് ആവശ്യമായ ഊർജത്തിന്‍റെ പകുതിയും പുനരുപയോഗിക്കുന്ന ഊർജമാക്കി മാറ്റും, 2030ഓടെ കാർബൺ പുറന്തള്ളൽ 45 ശതമാനമായി കുറയ്ക്കും, കാര്‍ബണ്‍ പുറന്തള്ളല്‍ 2030 ആവുമ്പോഴേക്കും ഒരു ബില്ല്യന്‍ ടണ്ണായി കുറയ്ക്കും എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ.

ജീവിതരീതികൾക്ക് കാലാവസ്ഥാ വ്യതിയാനത്തിൽ വലിയ പങ്കുണ്ടെന്ന് സമ്മേളനത്തിൽ മോദി പറഞ്ഞു. ജീവിതം എന്ന വാക്ക് നിങ്ങൾക്ക് മുമ്പാകെ ഞാൻ വെക്കുകയാണ്. പ്രകൃതിക്ക് വേണ്ടിയുള്ള ജീവിതം എന്നാണ് അത് അർഥമാക്കുന്നത്. ഇതിനെ ഒരു മുന്നേറ്റമാക്കി മാറ്റാൻ എല്ലാവരും തയാറാകണമെന്നും മോദി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി ഇന്ത്യ കഠിന പരിശ്രമം നടത്തുകയാണ്. വികസിത രാജ്യങ്ങൾ കാലാവസ്ഥാ പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി കൂടുതൽ ധനസഹായം നൽകണം. കാലാവസ്ഥക്കുള്ള സഹായ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും മോദി പറഞ്ഞു.

അതിനിടെ കോവിഡ്​ കാരണം നേര​​ത്തെ നടക്കാതെ പോയ ഇന്ത്യ സന്ദർശനം ഇനിയും വൈകിക്കരുതെന്ന മോദിയുടെ നിർബന്ധത്തിന്​ വഴങ്ങി ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യൻ സന്ദർശനത്തിനായുള്ള ക്ഷണം ബ്രിട്ടീഷ്​ പ്രധാനമ​ന്ത്രി ബോറിസ്​ ജോൺസൺ സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗ്ല ചൊവ്വാഴ്ച്ച അറിയിച്ചു.

ഗ്ലാസ്​ഗോയിൽ നടന്ന കാലാവസ്​ഥ ഉച്ച​കോടിക്കിടെയായിരുന്നു ഇരുപ്രധാനമന്ത്രിമാരുടെയും വ്യക്​തിപരമയാ കൂടിക്കാഴ്ച. പാരിസ്ഥിതിക സംരക്ഷണം, നൂതന സാങ്കേതിക വിദ്യകൾ, സാമ്പത്തികം, പ്രതിരോധം തുടങ്ങിയവ സംബന്ധിച്ചെല്ലാം ഇരുവരും ചർച്ച നടത്തി.

ഈ വർഷത്തെ ഇന്ത്യൻ റിപ്പബ്ലിക് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ബ്രിട്ടീഷ്​ പ്രധാനമ​ന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ആ സന്ദർശനം ഒഴിവാക്കുകയായിരുന്നു. ബോറിസ് ജോൺസന്‍റെ ഇന്ത്യൻ സന്ദർശനം മുടങ്ങിയതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഗ്ലാസ്ഗോവിൽ നടന്നത്. ഉച്ചകോടി വിജയകരമായി നടത്തിയതിനും, കാലാവസ്ഥാ വ്യതിയാനങ്ങളെ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ബോറിസ്​ ജോൺസണെ അഭിനന്ദിച്ചു.

കാലാവസ്ഥാ വ്യതിയാനങ്ങളെ കുറക്കാനുള്ള സഹകരണം ഉൾപ്പടെ പ്രധാന വിഷങ്ങളിൽ ഇരുവരും ചർച്ച നടത്തി. ഈ ചർച്ചക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ബോറിസ് ജോൺസണിനെ ഇന്ത്യൻ സന്ദർശനത്തിനായി ക്ഷണിച്ചതെന്ന് ഔദ്യോഗിക പ്രസ്ഥാവനയിൽ പറഞ്ഞു. കാലാവസ്​ഥാ മാറ്റങ്ങളെ തടയാനടക്കമുള്ള കാര്യങ്ങൾക്ക്​ തയാറാക്കിയ ധാരണകൾ നടപ്പാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്ന്​ യുകെയിലെ ഇന്ത്യൻ ഹൈകമ്മീഷ്ണർ ഗൈത്രി ഇസാർ കുമാർ പറഞ്ഞു.

“ഞങ്ങൾ 2022 മാർച്ചിൽ ഒപ്പുവെയ്ക്കുന്ന ഇടക്കാല കരാറിനു വേണ്ടി 2021 നവംബറിൽ ചർച്ച തുടങ്ങുകയാണ്, ഷെഡ്യൂൾ അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെങ്കിൽ 2022 നവംബറിൽ കരാർ ഒപ്പുവെക്കാനാകും,“ ഗൈത്രി ഇസാർ കുമാർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.