
സ്വന്തം ലേഖകൻ: അമേരിക്കയിൽ അഞ്ച് മുതൽ പതിനൊന്ന് വരെ പ്രായമുള്ള കുട്ടികളിൽ കൊറോണ പ്രതിരോധ വാക്‌സിനായ ഫൈസർ വാക്‌സിൻ നൽകുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി. പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ കൊറോണയ്‌ക്കെതിരെ നടത്തിയ പോരാട്ടത്തിലെ വഴിത്തിരിവാണ് ഇതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാക്‌സിന് എഫ്.ഡി.എ അംഗീകാരം ലഭിച്ചതോടെ രാജ്യത്തെ 28 ദശലക്ഷം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാക്‌സിൻ എത്രയും വേഗം കയറ്റി അയക്കുന്നതിനുള്ള നടപടികളും അധികൃതർ ആരംഭിച്ചു കഴിഞ്ഞു. അമേരിക്കയിൽ 12 വയസിൽ കൂടുതൽ പ്രായമുള്ള 78 ശതമാനത്തിലധികം പേരും ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്ക്. നവംബർ എട്ട് മുതലായിരിക്കും രാജ്യത്ത് എല്ലായിടത്തും വാക്‌സിൻ പൂർണതോതിൽ ലഭ്യമായി തുടങ്ങുന്നത്.
എഫ്.ഡി.എയുടെ വിശദമായ പഠനത്തിനും അവലോകനത്തിനും ശേഷം 5 മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകുന്നതിന് ഔദ്യോഗികമായ അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ‘
കൊറോണ വൈറസിനെ തോൽപ്പിക്കാനുള്ള നമ്മുടെ പോരാട്ടത്തിന് ശക്തി പകരുന്നതാണ് ഈ നേട്ടം. കുട്ടികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ വാക്സിനാണിതെന്ന് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. കുട്ടികളെ കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകൾക്ക് ഇതോടെ അവസാനമാകും. വൈറസ് പടരുന്നതിന്റെ വ്യാപ്തി കുറയ്‌ക്കാൻ വാക്‌സിൻ വിതരണം സഹായിക്കുമെന്നും’ ബൈഡൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല