
സ്വന്തം ലേഖകൻ: ബാങ്ക് അക്കൗണ്ടിൽ മതിയായ തുക ഇല്ലാത്തതിന്റെ പേരിൽ മടങ്ങുന്ന ചെക്കുമായി (ബൗൺസ് ചെക്ക്) ബന്ധപ്പെട്ട കേസ് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. പുതിയ നിയമഭേദഗതി ജനുവരി 2 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. എന്നാൽ വ്യാജ ഒപ്പിടുന്നത് ഉൾപ്പെടെയുള്ളവ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരും.
ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും നവീകരിക്കുന്നതിനും നിയമപരമായ പോരായ്മകൾ നികത്തുന്നതിനുമാണ് ഭേദഗതിയെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ പറഞ്ഞു. നിലവിലെ നിയമം അനുസരിച്ച് ചെക്കിലെ തുകയ്ക്ക് തുല്യമായ പണം അക്കൗണ്ടിൽ ഉണ്ടെങ്കിൽ മാത്രമേ പാസ്സാക്കൂ. ഇല്ലെങ്കിൽ മടക്കി (ബൗൺസ്) അയയ്ക്കും.
എന്നാൽ പുതിയ നിയമം അനുസരിച്ച് ബാങ്കിൽ സമർപ്പിക്കുന്ന ചെക്കിന്റെ തുകയ്ക്കു തുല്യമായ പണം അക്കൗണ്ടിൽ ഇല്ലെങ്കിലും ലഭ്യമായ തുക നൽകും. ശേഷിച്ച തുക ബാങ്ക് അധികൃതർ ചെക്കിൽ രേഖപ്പെടുത്തും. ഇത് ഈടാക്കുന്നതിന് സിവിൽ കോടതിയിൽ നേരിട്ട് എക്സിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകാം.
കാലതാമസം ഒഴിവാക്കാനും വേഗത്തിൽ പണം ഈടാക്കാനും പുതിയ നിയമം സഹായിക്കുമെന്ന് നിയമവിദഗ്ധനും അൽകബ്ബാൻ അഡ്വക്കറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റുമായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. എക്സിക്യൂഷൻ കോർട്ട് ഫീസ് (വിവിധ എമിറേറ്റിൽ വ്യത്യസ്ത നിരക്ക്) അടയ്ക്കേണ്ടിവരും.
ചെക്ക് മടങ്ങിയാൽ വിശദവിവരങ്ങൾ ബാങ്കുകൾ സെൻട്രൽ ബാങ്കിനെ യഥാസമയം അറിയിക്കണം. തുടർച്ചയായി ചെക്ക് മടങ്ങുന്ന കമ്പനികൾക്കും വ്യക്തികൾക്കും വീണ്ടും ചെക്ക് ബുക്ക് ലഭിക്കില്ല. ചെക്ക് നൽകി വഞ്ചിച്ചയാളുടെയും കമ്പനികളുടെയും പേര് പത്രങ്ങളിൽ പ്രസിദ്ധീകരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല