
സ്വന്തം ലേഖകൻ: സ്മരണാദിനം, അമ്പതാമത് യുഎഇ ദേശീയ ദിനം തുടങ്ങിയ ആഘോഷങ്ങളുടെ മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങളില്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയാണ് പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത്. ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതിനുള്ള പിസിആര്‍ നെഗറ്റീവ് ഫലത്തിന്റെ കാലയളവ് 48ല്‍ നിന്ന് 96 മണിക്കൂറാക്കി വര്‍ധിപ്പിച്ചതാണ് പ്രധാന ഇളവ്.
അതേസമയം, ഏത് പ്രായപരിധിയില്‍ പെട്ടവരാണെങ്കിലും പൂര്‍ണായി വാക്സിന് എടുത്തവര്‍ക്കു മാത്രമേ ആഘോഷ പരിപാടികളില്‍ പങ്കാളികളാവാന്‍ കഴിയൂ. അല്ഹുസ്ന് ആപ്പിലെ ഗ്രീന്‍പാസിനൊപ്പം പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കാണിച്ചാലേ പൊതുസ്ഥലങ്ങളിലേക്കു പ്രവേശിക്കാന്‍ സാധിക്കൂ. വാക്സിന് എടുത്തവര്‍ പിസിആര്‍ ടെസ്റ്റ് എടുത്താല്‍ അല്ഹുസ്ന് ആപ്പില്‍ ഒരു മാസത്തേക്കും അല്ലാത്തവര്‍ക്ക് ഏഴു ദിവസവുമാണ് ഗ്രീന്‍ പാസ് ലഭിക്കുക.
ചടങ്ങുകളില്‍ 80 ശതമാനം ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കാനും അനുമതിയുണ്ട്. അതേസമയം, മാസ്ക്ക് ധാരണം നിര്‍ബന്ധമാണ്. ആളുകള്‍ തമ്മില്‍ ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകലം പാലിക്കുകയും വേണം. എന്നാല്‍ ദുബായില്‍ സാമൂഹിക അകലം ഒരു മീറ്റര്‍ മതിയെന്ന് ടൂറിസം ആന്റ് കൊമേഴ്സ് മാര്‍ക്കറ്റിംഗ് വിഭാഗം സര്‍ക്കുലറിലൂടെ വ്യക്തമാക്കി. റെസ്റ്റൊറന്റുകള്‍, കഫേകള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദ കേന്ദ്രങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഓഫീസുകള്‍, ജോലി സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഈ ഇളവ് ബാധകമാണ്. നേരത്തേ രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്നായിരുന്നു വ്യവസ്ഥ.
രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയത്. കോവിഡിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ജനജീവിതം അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ബ്ലൂംബര്‍ഗ് കോവിഡ് റെസിലിയന്‍സ് റാങ്കിംഗില്‍ യുഎഇ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഒക്ടോബറിലെ റാങ്കിംഗില്‍ യുഎഇ മികച്ച നേട്ടം കൈവരിച്ചത്. അയര്‍ലന്റും സ്പെയിനും മാത്രമാണ് ഇക്കാര്യത്തില്‍ യുഎഇക്ക് മുമ്പിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല