
സ്വന്തം ലേഖകൻ: ഇന്ത്യയുടെ തദ്ദേശീയ കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിൽ അഭിനന്ദനങ്ങൾ അറിയിച്ച് ഡബ്ല്യൂഎച്ച്ഒയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് നിർമിച്ച കൊവാക്സിന് അടിയന്തിര ഉപയോഗം നടത്താനുള്ള അനുമതിയായിരുന്നു ലോകാരോഗ്യ സംഘടന നൽകിയത്.
ഒരു വാക്സിൻ കൂടി അടിയന്തിര ഉപയോഗ അനുമതി നേടിയിരിക്കുകയാണ്. വാക്സിൻ നിർമിച്ചതിനും വ്യാപക വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കിയതിനും ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും സൗമ്യ സ്വാമിനാഥൻ ട്വിറ്ററിലൂടെ അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന എട്ടാമത്തെ വാക്സിനാണ് കൊവാക്സിൻ.
വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് മുൻപാകെ ഹാജരാക്കിയതിന് പിന്നാലെയാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം അംഗീകാരം ലഭിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു.
മാസങ്ങൾ നീണ്ട കടമ്പകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിലാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കൊവാക്സിനെ തേടിയെത്തിയത്. ഇതോടെ കൊവാക്സിൻ എടുത്തവരുടെ വിദേശയാത്രാ പ്രശ്നത്തിന് പരിഹാരമാകും.
കൊവാക്സിന് ലോകത്തിന്റെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ വൈറസിനെതിരെ ആഗോളതലത്തിൽ പോരാട്ടം നടത്താൻ തദ്ദേശീയ വാക്സിന് സാധിക്കും. വാക്സിൻ കയറ്റുമതി ഊർജിതമാക്കുന്നതിലൂടെ ഇന്ത്യയ്ക്ക് വാണിജ്യാടിസ്ഥാനത്തിൽ വലിയ പ്രയോജനം കൈവരിക്കാൻ സാധിക്കുമെന്നതും അംഗീകാരത്തിന്റെ നേട്ടമാണ്.
അതിനിടെ ഇന്ത്യയുടെ കൊവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി അമേരിക്ക. കൊവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് നവംബർ 8 മുതൽ രാജ്യത്ത് പ്രവേശിക്കാം. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതിന് പിന്നാലെയാണ് അമേരിക്കയുടെ നിർണായക തീരുമാനം.
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അല്ലെങ്കിൽ ഡബ്ല്യുഎച്ച്ഒ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ച വാക്സിൻ സ്വീകരിച്ച വിദേശ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കുന്നതാണ് യുഎസിന്റെ പുതിയ യാത്രാ വ്യവസ്ഥ. ഫൈസർ, ജോൺസൺ ആന്റ് ജോൺസൺ, മോഡേണ, ആസ്ട്രാസെനക, കോവിഷീൽഡ്, സിനോഫാം, സിനോവാക് എന്നീ വാക്സിനുകൾക്കും യുഎസ് അനുമതി നൽകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല