1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2021

സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ചവർക്ക് നൽകാനുള്ള ​ഗുളികക്ക് ലോകത്താദ്യമായി അനുമതി നൽകി ബ്രിട്ടൻ. അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ആന്‍റിവൈറല്‍ ഗുളികക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നൽകിയത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്നതാണ് ഗുളിക. നേരിയതോ മിതമായതോ ആയ കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ഈ ഗുളിക നൽകാം.

കോവിഡ് ചികില്‍സ രംഗത്ത് വലിയ മാറ്റം വരുത്താൻ ഗുളികകൾക്ക് കഴിയുമെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു. ഫ്ലൂ ചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കോവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറക്കും. രോഗലക്ഷണം കാണിച്ചു തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ ഈ മരുന്ന് കഴിക്കണം.

അമേരിക്കന്‍ ഫാര്‍മ കമ്പനി എം.എസ്.ഡിയാണ് ഈ ഗുളിക നിര്‍മ്മിക്കുന്നത്. അംഗീകാരം ലഭിച്ചതോടെ ഇവര്‍ക്ക് വലിയ ഓർഡറാണ് ബ്രിട്ടൻ നല്‍കിയിരിക്കുന്നത്. നവംബര്‍ മാസത്തില്‍ മാത്രം 4,80,000 കോഴ്സ് ‘മോള്‍നുപിരവിര്‍’ ബ്രിട്ടനില്‍ ലഭ്യമാകും. കൂടാതെ നിരവധി രാജ്യങ്ങളും മരുന്നു വാങ്ങാനുള്ള തയാറെടുപ്പിലാണ്.

ഗുളികകൾ വാക്സിനുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ഒന്നല്ല എന്നും അധികൃതർ വെളിപ്പെടുത്തുന്നു. എന്നാൽ പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നീ പാർശ്വഫലങ്ങൾ ഈ ഗുളികക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നുണ്ട്. അതേസമയം അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ മരുന്ന് നിർമാതാക്കളായ മെർക്ക് ആൻഡ് റിഡ്‌ജേബാക്ക് ബയോ തെറാപ്യൂട്ടിക്‌സിനോട് മൂന്നു മില്ല്യൺ കോഴ്‌സുകൾ ആവശ്യപ്പെട്ട് ഒമ്പതു കരാറുകളാണ് വിവിധ രാജ്യങ്ങൾ ഒപ്പുവെച്ചത്.

ഗുളിക യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. നവംബർ അവസാനത്തോടെ സമിതി ഈ അപേക്ഷ ചർച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്. എന്നാൽ മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സമ്പന്ന രാജ്യങ്ങൾ ഇവ വാങ്ങുന്നതിനുള്ള ഇടപാടുകൾക്കായി നെട്ടോട്ടമോടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.