
സ്വന്തം ലേഖകൻ: ആഗോള ഭീകരതയുടെ അടിവേരറുക്കാനുള്ള നടപടി വേഗത്തിലാക്കി ഇന്ത്യ. ഇന്ത്യയെ ലക്ഷ്യമാക്കി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഭീകരരേയും സംഘടനകളേയും നിർവീര്യമാക്കലാണ് ലക്ഷ്യം. അതാത് ഭരണകൂടങ്ങളെക്കൊണ്ട് ശക്തമായ നിയമനടപടികൾ അന്താരാഷ്ട്രതലത്തിൽ എടുക്കുക എന്ന നയന്ത്രമാണ് ഇന്ത്യ സ്വീകരിക്കുന്നത്.
ഭീകരരുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പുതുക്കുന്നതിന്റെ ഭാഗമായി കാനഡയു മായിട്ടാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടത്. ഇന്ത്യയെ ദുർബലപ്പെടുത്താൻ ദശകങ്ങളായി കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖാലിസ്താൻ ഭീകരരെയാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയെ ഉടൻ നിരോധിക്ക ണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഒപ്പം കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യാ വിരുദ്ധ സംഘടനകളെ ഭീകരരായി പ്രഖ്യാപിക്കണമെന്ന ഫലപ്രദമായ നിർദ്ദേശമാണ് ഇന്ത്യ മുന്നോട്ട് വച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ഓഗസ്റ്റ് മാസം ആഗോളതലത്തിൽ ഭീകരസംഘടനകളും മതഭീകരരും വിവിധ രാജ്യങ്ങളിലിരുന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതും അന്താരാഷ്ട്രതലത്തിൽ ഏകോപനമില്ലാത്തതും ഇന്ത്യ വിമർശിച്ചിരുന്നു.
ഇസ്ലാമിക ഭീകരത ആഫ്രിക്കൻ രാജ്യങ്ങളെ കൊടും അരാജകതയിലേക്ക് തള്ളിവിട്ടതിലും ഫലപ്രദമായ നടപടിയാണ് ഇന്ത്യ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ഖാലിസ്താൻ വിഷവും പശ്ചാത്യരാജ്യങ്ങളിൽ ഇസ്ലാമിക ഭീകരത ശക്തമാകുന്നതും നിരവധി ഇസ്ലാമിക രാജ്യങ്ങൾ ഭീകരർക്ക് താവളമൊരുക്കുന്നതും സാമ്പത്തിക സഹായം നൽകുന്നതും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ഭീകരവാദ പ്രതികളെ പിടികൂടുന്നതിനായി ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) ഉന്നതതല സംഘം കാനഡ സന്ദർശിച്ചതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. മൂന്നംഗ സംഘമാണ് കാനഡ സന്ദർശിച്ചത്. സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) പോലെയുള്ള ഖാലിസ്ഥാൻ രൂപീകരണത്തെ പിന്തുണയ്ക്കുന്ന വിഘടനവാദ സംഘടനകളെക്കുറിച്ച് മൂന്നംഗ എൻഐഎ സംഘം അന്വേഷിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നാല് ദിവസത്തെ സന്ദർശനത്തിൽ എസ്എഫ്ജെ, ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്, ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തനത്തെ പറ്റി അന്വേഷിക്കും. കാനഡ, യുകെ, യുഎസ്എ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്ന് ഇത്തരം സംഘടനകൾക്ക് വിദേശ ധനസഹായം ലഭിച്ചതും അന്വേഷിക്കും.
മുതിർന്ന റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) ഉദ്യോഗസ്ഥരും എൻഐഎ ഉദ്യോഗസ്ഥരും തെളിവുകൾ ശേഖരിക്കുന്നതിനെക്കുറിച്ചും കാനഡയിലും ഇന്ത്യയിലും ഇത്തരം കേസുകളിൽ പ്രതികളെ വിജയകരമായി പ്രോസിക്യൂട്ട് ചെയ്യുന്നതിനെക്കുറിച്ചും ചർച്ച ചെയ്തതായി ഹൈക്കമ്മീഷൻ അറിയിച്ചു. കൂടാതെ, കാനഡയിലെ ഇന്റർനാഷണൽ ക്രൈം ആൻഡ് കൗണ്ടർ ടെററിസം ബ്യൂറോയിലെയും പൊതു സുരക്ഷയുടെ ഇന്റർനാഷണൽ അഫയേഴ്സ് ഡിവിഷനിലെയും ഉദ്യോഗസ്ഥരുമായി എൻഐഎ കൂടുതൽ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല