
സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊറോണ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജർമനിയിലും പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 37,120 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊറോണ മഹാമാരി ലോകത്ത് ആരംഭിച്ചതിനു ശേഷം ജർമനിയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളിൽ വലിയ വർദ്ധനവുണ്ടാകുന്നത്.
ജർമനിയിൽ കൊറോണ നാലാം തരംഗം അസാധാരണമായ രീതിയിൽ ആഞ്ഞടിക്കുകയാണ്. രാജ്യത്ത് വാക്സിൻ വിതരണവും മന്ദഗതിയിലാണെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. വാക്സിൻ മന്ദതയാണ് കേസുകൾ വർദ്ധിക്കാൻ ഇടയാക്കിയതെന്നും അദ്ദേഹം പറയുന്നു. ഇതുവരെ ജർമനിയിൽ 67 ശതമാനം ആളുകൾ മാത്രമാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.
വാക്സിനേഷൻ വേഗത്തിലാക്കുന്നതിനിടെയാണ് ജർമനിയിൽ ഇപ്പോൾ കൊറോണ നാലാം തരംഗ വ്യാപനം രൂക്ഷമായത്. രാജ്യത്തെ ചില ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങൾ നിറഞ്ഞുകവിഞ്ഞെന്നും റിപ്പോർട്ടുകൾ പറയുന്നു. ജർമനിയിൽ വാക്സിൻ സ്വീകരിക്കാത്ത ആളുകൾക്കാണ് കൊറോണ ഗുരുതരമാവുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സലയിലുള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.
അതിനിടെ കോവിഡ് ചികിത്സയ്ക്കായി വികസിപ്പിച്ച ആദ്യ ആന്റിവൈറൽ ഗുളികയ്ക്കു യുകെയിൽ അംഗീകാരം. ‘മോൽനുപിരാവിർ’ എന്ന മരുന്ന് യുഎസിലെ മെർക് ആൻഡ് കമ്പനി (എംഎസ്ഡി), റിഡ്ജ്ബാക്ക് ബയോതെറപ്യൂട്ടിക്സ് എന്നിവ ചേർന്നാണു വികസിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചാലുടൻ, 5 ദിവസം 2 നേരം വീതം കഴിച്ചാൽ ആശുപത്രി ചികിത്സയുടെ ആവശ്യവും മരണസാധ്യതയും പകുതിയായി കുറയുമെന്നു നിർമാതാക്കൾ പറയുന്നു. 5 ദിവസത്തെ മരുന്നിന്റെ വില 52,000 രൂപ.
യുകെയിൽ ഉടൻ വിതരണം തുടങ്ങും. അംഗീകാരം നൽകുന്ന കാര്യം യുഎസ് 30നു പരിഗണിക്കും. 90% ഫലപ്രാപ്തി അവകാശപ്പെട്ടു ഫൈസർ കമ്പനി വികസിപ്പിച്ച മരുന്നിനും യുഎസിന്റെ അനുമതി തേടിയിട്ടുണ്ട്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാൻസർ, വൃക്കരോഗം, ശ്വാസകോശരോഗം തുടങ്ങിയവയുള്ളവർക്കാകും യുകെയിൽ തുടക്കത്തിൽ മരുന്ന് നൽകുക; അതും നേരിയ, ഇടത്തരം കോവിഡ് ബാധയുള്ളവർക്കു മാത്രം. കൂടുതൽ ഫലപ്രാപ്തി ഉറപ്പിച്ചശേഷമേ വൻതോതിൽ ലഭ്യമാക്കൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല