
സ്വന്തം ലേഖകൻ: കാബൂളിൽ യുഎസ് സൈനികന് കൈമാറിയ 2 മാസം മാത്രം പ്രായമുള്ള പൊന്നോമനയെ തേടി അഫ്ഗാൻ ദമ്പതികൾ അലയാൻ തുടങ്ങിയിട്ട് രണ്ടരമാസം. താലിബാൻ സേന അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനെ തുടർന്ന് രാജ്യം വിടാൻ 5 മക്കളുമായി വിമാനത്താവളത്തിൽ തിക്കിത്തിരക്കിയ മിർസ അലി അഹമ്മദിയുടെയും ഭാര്യ സുരയ്യയുടെയും മുന്നിൽ കഴിഞ്ഞ ഓഗസ്റ്റ് 19ന് രക്ഷാദൂതനായി യുഎസ് സൈനികൻ എത്തിയത് ആഗോള മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
തിക്കിനും തിരക്കിനുമിടയിൽ ഗേറ്റിനരികിലേക്ക് എത്തിപ്പെടാനാവാതെ അലിയും കുടുംബവും വലയുമ്പോഴാണ് ‘സഹായം ആവശ്യമുണ്ടോ’ എന്നു ചോദിച്ച് യുഎസ് സൈനികൻ എത്തിയത്. 2 മാസം മാത്രം പ്രായമുള്ള സുഹൈലിനു തിരക്കിൽ പരുക്കേൽക്കുമെന്നു ഭയന്ന് അവർ കുഞ്ഞിനെ മതിലിനുമുകളിലൂടെ സൈനികനു കൈമാറി. ഉടൻ വിമാനത്താവളത്തിൽ പ്രവേശിക്കാനാവുമെന്നായിരുന്നു അലിയുടെ കണക്കുകൂട്ടൽ.
പക്ഷേ, ഗേറ്റിന് 5 മീറ്റർ വരെ അടുത്തെത്തിയ അവരെ താലിബാൻ സേന തള്ളിമാറ്റി. അരമണിക്കൂറിനകം മറ്റൊരു വാതിലിലൂടെ അകത്തുകടന്ന ദമ്പതികൾ കുഞ്ഞിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുഞ്ഞിനെ മാത്രമല്ല, അവനെ കൈമാറിയ സൈനികനെപ്പോലും കണ്ടെത്താനായിട്ടില്ല. 10 വർഷം യുഎസ് എംബസിയിൽ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന അലിയെയും കുടുംബത്തെയും ആദ്യം ഖത്തറിലും അവിടെനിന്നു ജർമനി വഴി യുഎസിലും എത്തിച്ചു. ടെക്സസിൽ അഭയാർഥികളായി കഴിയുകയാണവർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല