
സ്വന്തം ലേഖകൻ: ബൂസ്റ്റർ ഡോസ് വിതരണത്തിൽ യുകെ പിന്നിലേക്കെന്ന് കണക്കുകൾ. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഇംഗ്ലണ്ടിൽ 80 വയസ്സിനു മുകളിലുള്ളവരിൽ 30% പേർക്കും 50 വയസ്സിനു മുകളിലുള്ളവരിൽ 40% പേർക്കും ഇതുവരെ കൊറോണ വൈറസ് വാക്‌സിന്റെ ബൂസ്റ്റർ ജാബുകൾ ലഭിച്ചിട്ടില്ല.
ക്രിസ്മസിന് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പ്രായമായവർക്കും ദുർബലർക്കും ബൂസ്റ്റർ ഡോസ് കഴിയുന്നത്ര വേഗം ലഭ്യമാക്കാൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് നിർദേശം നൽകി.
അടുത്തയാഴ്ച ഇംഗ്ലണ്ടിൽ മൂന്ന് ദശലക്ഷം ആളുകളെ കൂടി ബൂസ്റ്റർ ഷോട്ട് എടുക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും യോഗ്യരായ എല്ലാവരോടും എത്രയും വേഗം ബൂസ്റ്റർ ജാബുകൾക്കായി ബുക്ക് ചെയ്യണമെന്നും സാജിദ് ജാവീദ് ആവശ്യപ്പെട്ടു. വാക്സിനെടുത്ത് ആറു മാസത്തിനുശേഷം പ്രതിരോധശേഷി കുറയാൻ തുടങ്ങുമെന്നും പ്രത്യേകിച്ച് പ്രായമായവർക്കും ദുർബലരായവർക്കും, ശൈത്യകാലത്ത് ബൂസ്റ്റർ വാക്സിനുകൾ അവരുടെ സംരക്ഷണം വർദ്ധിപ്പിക്കുമെന്നും ഹെൽത്ത് സെക്രട്ടറി കൂട്ടിച്ചേർത്തു.
50 വയസ്സിന് മുകളിലുള്ളവർക്കും കോവിഡ്-19-ൽ നിന്ന് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവർക്കും ബൂസ്റ്ററുകൾ നിലവിൽ ലഭ്യമാണ്. നിലവിൽ, ഇംഗ്ലണ്ടിലെ ആളുകൾക്ക് അവരുടെ ബൂസ്റ്റർ ജാബ് ബുക്ക് ചെയ്യാൻ യോഗ്യത നേടുന്നതിന് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസം വരെ കാത്തിരിക്കണം. എന്നാൽ തിങ്കളാഴ്ച മുതൽ, അഞ്ച് മാസത്തിന് ശേഷം ബുക്കിങ് നടത്താൻ കഴിയും,
എന്നിരുന്നാലും ആറ് മാസത്തിന് ശേഷം മാത്രമേ അവർക്ക് യഥാർത്ഥത്തിൽ ബൂസ്റ്റർ ലഭിക്കുകയുള്ളൂ. ബ്രിട്ടനിലെ പ്രമുഖ ശാസ്ത്രജ്ഞരിലൊരാൾ കോവിഡ് പ്രതിസന്ധി അതിരൂക്ഷമാണെന്ന് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ജാവിദിന്റെ നിർദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല