
സ്വന്തം ലേഖകൻ: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീൻ ലിസ്റ്റ്) അബുദാബി പരിഷ്കരിച്ചു. 95 രാജ്യങ്ങൾ ഇടംപിടിച്ച പട്ടികയിൽ ഇത്തവണയും ഇന്ത്യയില്ല. ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് ക്വാറന്റീൻ വേണ്ട.
വാക്സീൻ എടുത്തവരാണെങ്കിൽ അബുദാബി വിമാനത്താവളത്തിൽ എത്തിയാലും ആറാം ദിവസവും പിസിആർ ടെസ്റ്റ് എടുത്താൽ മതി. ഓരോ രാജ്യത്തെയും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് രണ്ടാഴ്ചയിൽ ഒരിക്കലാണ് അബുദാബി ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിക്കുന്നത്.
വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും സൗജന്യ ബസ് സർവീസ് കഴിഞ്ഞ ദിവസമാണ് അബുദാബി പ്രഖ്യാപിച്ചത്. എമിറേറ്റിലെ 9 വിനോദ സഞ്ചാര കേന്ദ്രങ്ങളെയും 9 ഹോട്ടലുകളെയും ബന്ധിച്ചാണ് ‘വിസിറ്റ് അബുദാബി ഷട്ടിൽ ബസ്’ എന്ന പുതിയ സർവീസ് ആരംഭിച്ചത്. 2 റൂട്ടുകളിലായി 18 സ്റ്റോപ്പുകളുണ്ടാകും.
ആഗോള മേളയായ ദുബായ് എക്സ്പോ 2020 കാണാനും അബുദാബി നഗരത്തിൽനിന്ന് സൗജന്യ യാത്ര ഒരുക്കുന്നുണ്ടെന്ന് സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് (ഡിസിടി) അറിയിച്ചു. യാസ് ദ്വീപ്, ജുബൈൽ ദ്വീപ്, സാദിയാത്ത് ദ്വീപ്, അബുദാബി ടൗൺ സെന്റർ, ഗ്രാൻഡ് കനാൽ എന്നിവയാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വൈകാതെ കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തി സേവനം വിപുലീകരിക്കും. നിലവിൽ 11 ബസുകൾ നഗരം ചുറ്റിക്കറങ്ങി സന്ദർശകർക്ക് ദൃശ്യവിരുന്നൊരുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല