1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2021

സ്വന്തം ലേഖകൻ: ഒമാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് മൂന്നു മാസം പൂര്‍ത്തിയാക്കിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ എത്തേണ്ടവരുടെ പട്ടിക ഒമാന്‍ പുറത്തുവിട്ടു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. നൂറില്‍ താഴെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍. പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ ഈ പട്ടിക ഒമാന്‍ വിപുലീകരിച്ചു.

രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് എട്ടു മാസം കഴിഞ്ഞിട്ടുണ്ടെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കാന്‍ അര്‍ഹതയുള്ളവര്‍ ഇവരാണ്.

50 വയസിന് മുകളിലുള്ള രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍

കൊവി‍‍ഡിനെതിരെ പോരാടിയ മുന്‍നിര പേരാളികള്‍

60 വയസിന് മുകളില്‍ ഉള്ളവര്‍

18 വയസ്സിനു മുകളിലുള്ള നിത്യരോഗികള്‍ (വിട്ടുമാറാത്ത ശ്വാസകോശ രോഗികള്‍, വൃക്കരോഗികള്‍) എന്നിവ ഉള്ളവര്‍

ഡയാലിസിസ് നടത്തുന്നവര്‍, പ്രമേഹ രോഗികള്‍, രക്തസമ്മര്‍ദ രോഗികള്‍.

കൂടാതെ എച്ച്.ഐ.വി ബാധിതർ, കാന്‍സര്‍ രോഗികള്‍, അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍, 12 വയസ്സിനു മുകളിലുള്ള പ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ എന്നിവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് അവലോകന സുപ്രീം കമ്മിറ്റി നടത്തിയ യോഗത്തിലാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടവരുടെ പട്ടിക പുറത്തുവിട്ടത്. അഞ്ചിനും 12നും ഇടയിലുള്ള കുട്ടികൾക്ക് വാക്സിന്‍ നല്‍കാനും ഒമാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ രക്ഷിതാക്കള്‍ മുന്നോട്ട് വരണം എന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ഇപ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം കുറവാണ്. കഴിഞ്ഞ മൂന്നു ദിവസമായി ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം 36 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,04,365 ആയി. 98.5 ശതമാനം പേര്‍ രാജ്യത്ത് കൊവിഡ് മുക്തരായി. ഇപ്പോള്‍ കൊവിഡ് ബാധിച്ച് ഒമ്പത് പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതില്‍ രണ്ടുപേർ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ഉള്ളത്.

ഇപ്പോഴും വിവിധ ഗവർണറേറ്റുകളിൽ വാക്സിന്‍ വിതരണം ശക്തമായി നടക്കുകയാണ്. ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെൻററിലെ വാക്‌സിനേഷന്‍ ക്യാമ്പ് സമാപിച്ചു. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പകരം മറ്റു കേന്ദ്രങ്ങളിലായിരിക്കും വാക്സിന്‍ നല്‍കുക. വിദേശികള്‍ക്ക് സബ്‌ലത്ത് മത്രയിലും സീബ് അല്‍ ശറാദി മെഡിക്കല്‍ ഫിറ്റ്‌നസ് സെൻററിലും വാക്സിന്‍ സ്വീകരിക്കാനുള്ള സൗകര്യം ഒമാന്‍ ഒരുക്കിയിട്ടുണ്ട്. വാക്സിനായി മുന്‍ കൂട്ടി ബുക്ക് ചെയ്യണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.