1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2021

സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച രാജ്യം ജര്‍മനിയെന്ന് റിപ്പോർട്ട്. തൊട്ടു പിന്നാലെ കാനഡയും ജപ്പാനും ഇറ്റലിയും തെരഞ്ഞെടുക്കപ്പെട്ടു. മൊത്തം ഏഴു തവണയില്‍ ആദ്യത്തെ പത്തിലെത്തിയതില്‍ അഞ്ചാം പ്രാവശ്യവും ഒന്നാം സ്ഥാനത്തെത്തുന്നത് ജര്‍മനിയാണ്.

ജര്‍മന്‍ ഉത്പന്നങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള വിശ്വാസ്യതയും അതുപോലെ ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനത്തിന് ജര്‍മന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുമാണ് ജര്‍മനിയെ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ച പ്രധാന ഘടകങ്ങള്‍. കൂടാതെ കായികരംഗത്തെ മികവിലും ജര്‍മനിക്ക് ഏറെ പോയിന്റുകള്‍ നേടാനായി.

നേഷന്‍ ബ്രാന്‍ഡ് ഇന്‍ഡെക്സില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ജര്‍മനിയാണ്. ലോകത്തിലെ ഏറ്റവും നല്ല രാജ്യമായി ജര്‍മനിയെ തെരഞ്ഞെടുത്തപ്പോള്‍ രണ്ടാം സ്ഥാനത്ത് കാനഡയും മൂന്നാം സ്ഥാനത്ത് ഇറ്റലിയുമെത്തി. ജപ്പാനാണ് നാലാം സ്ഥാനത്തുള്ളത്. എല്ലാവര്‍ഷവും 60 രാജ്യങ്ങളെയാണ് നേഷന്‍ ബ്രാന്‍ഡ്സ് ഇന്‍ഡെക്സ് വിലയിരുത്തുന്നത്.

രാജ്യത്തിന്റെ ഭരണനിര്‍വ്വഹണം സൗഹാര്‍ദ്ദപരമായ സമീപനം, സംസ്കാരം, ജീവിതനിലവാരം എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളെ വിലയിരുത്തിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. അതേസമയം, കഴിഞ്ഞവര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടന്‍ അഞ്ചാം സ്ഥാനത്തായി. കഴിഞ്ഞ വര്‍ഷം പത്താം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

2020ല്‍ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കാനഡ ഇത്തവണ രണ്ടാം സ്ഥാനം കൈയ്യടക്കി. കുടിയേറ്റ നിയമങ്ങളും ഭരണ നിര്‍വ്വഹണത്തിലെ ഉള്‍ക്കാഴ്ചയുമാണ് കാനഡയ്ക്ക് ഏറെ മുന്നിലെത്താന്‍ സാധിച്ചത്. പലസ്തീനും സൗദിയും നൈജീരിയയുമുള്ള പട്ടികയിലെ ആദ്യ 60 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം നാൽപതാമതാണ്.

അതിനിടെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇ.ഐ.യു) തെരഞ്ഞെടുത്തു. ടോക്കിയോ, സിംഗപ്പൂര്‍, ഒസാക്ക തുടങ്ങിയ മുന്‍നിര നഗരങ്ങളെ മറികടന്നാണ് ഇ.ഐ.യുവിന്റെ ദ്വിവത്സര സുരക്ഷിത നഗര സൂചികയുടെ നാലാം പതിപ്പില്‍ ഈ ഡാനിഷ് തലസ്ഥാനം മുന്നിലെത്തിയത്. 2019ല്‍ എട്ടാം സ്ഥാനത്തുണ്ടായ കോപ്പന്‍ഹേഗന്‍ ആദ്യമായാണ് ഒന്നാം സ്ഥാനത്ത് എത്തുന്നത്.

ഇത്തവണ കോവിഡിന്റെ സാഹചര്യം കൂടി കണക്കിലെടുത്ത്, നഗരത്തിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ, ഡിജിറ്റല്‍ സെക്യൂരിറ്റി, അടിസ്ഥാന സൗകര്യങ്ങള്‍, വ്യക്തി സുരക്ഷ, പരിസ്ഥിതി സുരക്ഷ എന്നിങ്ങനെയുള്ള അഞ്ച് കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പഠനങ്ങള്‍ നടത്തിയിരുന്നത്.

ഇതില്‍ കോപ്പന്‍ഹേഗന്‍ 100ല്‍ 82.4 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിത്. 82.2 പോയിന്റുമായി കനേഡിയന്‍ നഗരമായ ടൊറന്റോ യൂറോപ്യന്‍ നഗരത്തിന് തൊട്ടുപിന്നിലുണ്ട്. സിംഗപ്പൂര്‍, സിഡ്നി, ടോക്കിയോ, എന്നിവയും സുരക്ഷിത നഗരങ്ങളുടെ പട്ടികയിലെ ആദ്യ അഞ്ചില്‍ ഇടം നേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.