1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2021

സ്വന്തം ലേഖകൻ: യുകെയിൽ ആരോഗ്യ മേഖല വൻ സമ്മർദ്ദത്തിൽ. കോവിഡ് വ്യാപനം ഏൽപ്പിച്ച ആഘാതം കാരണം മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍ക്കു പോലും എന്‍എച്ച്എസ് ആശുപത്രികളെ സമീപിക്കാൻ കഴിയാത്ത അവസ്ഥ! മഹാമാരിയുടെ തുടക്കം മുതൽ തന്നെ എന്‍എച്ച്എസിന്റെ കാത്തിരിപ്പ് പട്ടിക വളരെ വലുതായിരുന്നു. കോവിഡ് ഉച്ചസ്ഥായിയിൽ എത്തിയതോടെ അത് റെക്കോർഡ് ഉയരത്തിലെത്തി.

ഇംഗ്ലണ്ടിലെ വെയ്റ്റിംഗ് ലിസ്റ്റ് 5.83 മില്ല്യണാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ. വിന്റര്‍ കാലത്തെ വെല്ലുവിളികളും ജീവനക്കാരുടെ ക്ഷാമവും കൂടിയാകുമ്പോള്‍ സ്ഥിതി ഗുരുതരമാവുകയാണ്. വിന്റര്‍ എത്തുന്നതിന് മുന്‍പ് പതിവ് സേവനങ്ങള്‍ വൈകുന്നത് വലിയ ആശങ്കയാണ് ഗുരുതര രോഗങ്ങളുള്ളവർക്ക് നൽകുന്നത്. ആംബുലന്‍സിന്റെ പിന്നില്‍ കിടന്നും, കോറിഡോറുകളിലും രോഗികള്‍ മരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എമര്‍ജന്‍സി യൂണിറ്റുകളില്‍ തിരക്കേറിയതാണ് ഇവർക്കുള്ള ചികിൽസ വൈകുന്നതിന് കാരണം. കോവിഡ് കേസുകള്‍ കുതിച്ചുയരാത്ത നിലവിലെ സാഹചര്യത്തിലും എ&ഇയുടെയും, ആംബുലന്‍സ് ക്രൂവിന്റെ ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങള്‍ ഗുരുതര പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്

ഹാര്‍ട്ട് അറ്റാക്കും, സ്‌ട്രോക്കും നേരിട്ട രോഗികള്‍ക്കുള്ള ശരാശരി ആംബുലന്‍സ് പ്രതികരണ സമയം ഇപ്പോള്‍ ഒരു മണിക്കൂറായി ഉയര്‍ന്നിട്ടുണ്ട്. ഇത് രോഗികളെ അപകടത്തിലാക്കുകയാണെന്ന് പാരാമെഡിക്കുകള്‍ സമ്മതിക്കുന്നു. 999 പ്രതികരണ സമയം ഹെല്‍ത്ത് സര്‍വ്വീസിന്റെ 18 മിനിറ്റ് സുരക്ഷാ ലക്ഷ്യത്തിന്റെ മൂന്നിരട്ടി മുകളിലുമാണ്.

വിന്റര്‍ സമ്മര്‍ദങ്ങളും, ജീവനക്കാരുടെ ക്ഷാമവും പരമോന്നതിയില്‍ എത്തുന്നതിന് മുന്‍പാണ് ഈ അവസ്ഥയെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഹാമാരി വരുത്തിവെച്ച ബാക്ക്‌ലോഗും, കോവിഡും നേരിടുന്നതിനിടെ ഈ അവസ്ഥയില്‍ രോഗികളുടെ പരിചരണം വിട്ടുവീഴ്ചകളോടെയാണെന്ന് പത്തില്‍ ഒന്‍പത് എന്‍എച്ച്എസ് മേധാവികളും പ്രതികരിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം കുറയുന്നതാണ് ആശ്വാസമായി നില്‍ക്കുന്നത്. എന്നാല്‍ ഇപ്പോഴും 9000 ബെഡുകളില്‍ കോവിഡ് രോഗികളുണ്ടെന്ന് മെഡിക്കല്‍ ജീവനക്കാര്‍ പറയുന്നു. പ്രായമായ ബ്രിട്ടീഷുകാര്‍ക്ക് അടിയന്തര ഘട്ടത്തില്‍ പോലും 14 മണിക്കൂര്‍ വരെ ആംബുലന്‍സിനുള്ളില്‍ കാത്തിരിക്കേണ്ടിവന്നു എന്ന റിപ്പോര്‍ട്ട് പുറത്തെത്തിയതിനെ തുടര്‍ന്നാണ് എന്‍ എച്ച് എസിന്റെ ഈ റിപ്പോര്‍ട്ടും പുറത്തു വരുന്നത്.

ശൈത്യം കനക്കുകയും ജീവനക്കാരുടെ ക്ഷാമം വരും നാളുകളില്‍ രൂക്ഷമാവുകയും ചെയ്യുന്നതോടെ പ്രതിസന്ധിയുടെ തീവ്രത ഇനിയും വര്‍ദ്ധിക്കുമെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. ഇപ്പോഴത്തെ നിലയില്‍ ഈസ്റ്ററിന് ശേഷം യുകെയിലെ കോവിഡ് പ്രതിസന്ധി കൂടുതല്‍ ശാന്തമാകുമെന്ന് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജോന്നാഥന്‍ വാന്‍ ടാം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

അതിനിടെ കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ക്ക് ഇരട്ട ഡോസ് വാക്‌സിൻ എടുക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ജീവനക്കാരില്ലാതെ കെയര്‍ ഹോമുകള്‍ അടച്ചു തുടങ്ങി. വാക്സിന്‍ എടുക്കാത്തവര്‍ക്ക് ജോലിയില്ലെന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഒരൊറ്റ ദിവസം കൊണ്ട് ജോലി പോയത് 57,000 കെയര്‍ഹോം ജീവനക്കാർക്കാണ്. പ്രശ്നം രൂക്ഷമാണെന്നും നിയമം തത്ക്കാലത്തേക്ക് മരവിപ്പിക്കാനും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കെയർ ഹോമുകൾ. ഇംഗ്ലണ്ടില്‍ നടപ്പിലാക്കിയ നോ വാക്സിനേഷന്‍ നോ ജോബ് എന്ന ഈ പുതിയ നിയമം നിരവധിപേരുടെ മാനസികാരോഗ്യത്തേയും ബാധിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.

നിലവില്‍ ജോലിയില്‍ തുടരുന്ന ജീവനക്കാര്‍ക്ക് തത്ക്കാലം അധിക സമയം ജോലിചെയ്യേണ്ടതായി വരുമെന്നും കെയര്‍ഹോം ഉടമകള്‍ പറയുന്നു. അത് അവരുടേ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിച്ച് തളര്‍ന്നിരിക്കുന്ന തങ്ങള്‍ക്ക് ഇത് മറ്റൊരു അടിയാണെന്നാണ് അവര്‍ ഗുഡ് മോര്‍ണിംഗ് ബ്രിട്ടനില്‍ പറഞ്ഞത്. ഇനിമുതല്‍ ക്ലീനര്‍മാരും റിസപ്ഷനിസ്റ്റുകളും ഉള്‍പ്പടെ കെയര്‍ഹോമുകളിലെ എല്ലാ ജീവനക്കാരും വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവരായിരിക്കണം.

ഇംഗ്ലണ്ടിലെ 18,000 വരുന്ന കെയര്‍ഹോമുകളെ ഈ നിയമം പ്രതികൂലമായി ബാധിക്കും. ഈ മേഖലയില്‍ ഇപ്പോള്‍ തന്നെ 1 ലക്ഷം ജീവനക്കാരുടെ കുറവുണ്ട്. ജീവനക്കാര്‍ പലരും വിട്ടുപോയതോടെ ഈ മേഖലയില്‍ ആകെ തളര്‍ച്ചയാണെന്നാണ് നാഷണല്‍ കെയര്‍ അസ്സോസിയേഷന്‍ ചെയര്‍വുമന്‍ നാദ്ര അഹമ്മദ് പറയുന്നത്. അതുപോലെ ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുകയില്ലെന്ന് അന്തേവാസികളൂടെ ബന്ധുക്കളും ഭയക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.