
സ്വന്തം ലേഖകൻ: ഖത്തറിന്റെ കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക പുതുക്കി. പുതുക്കിയ പട്ടിക ഈ മാസം 15ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 മുതല്‍ പ്രാബല്യത്തിലാകും.
രാജ്യങ്ങളിലെ കോവിഡ് വ്യാപനതോത് അടിസ്ഥാനമാക്കി ഗ്രീന്‍, റെഡ്, എക്സെപ്ഷനല്‍ റെഡ് എന്നിങ്ങനെ 3 വിഭാഗങ്ങളായാണ് പട്ടിക. ഗ്രീന്‍ ലിസ്റ്റില്‍ 181 രാജ്യങ്ങളും റെഡ് ലിസ്റ്റില്‍ 21 രാജ്യങ്ങളും എക്സെപ്ഷനല്‍ റെഡ് ലിസ്റ്റില്‍ 10 രാജ്യങ്ങളും ആണുള്ളത്.
ഏതു രാജ്യത്തു നിന്നായാലും ഖത്തര്‍ അംഗീകൃത കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ സന്ദര്‍ശകര്‍ക്ക് മാത്രമേ ഖത്തറില്‍ പ്രവേശനമുള്ളു. ഇന്ത്യ നേരത്തെ മുതല്‍ എക്സെപ്ഷനല്‍ റെഡ് ലിസ്റ്റില്‍ ആണ്. ഇന്ത്യയില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്കും ഖത്തര്‍ പ്രവാസികള്‍ക്കുമെല്ലാം 2 ദിവസം ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധമാണ്. ഭാഗികമായി വാക്സിനെടുത്ത ഖത്തര്‍ പ്രവാസികള്‍ക്ക് 7 ദിവസമാണ് ഹോട്ടല്‍ ക്വാറന്റീന്.
യുഎഇ വീണ്ടും റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള സന്ദര്‍ശകര്‍ ദോഹയിലെത്തി 2 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയുകയും വേണം. കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ യുഎഇയില്‍ നിന്നെത്തുന്ന ഖത്തരി പൗരന്മാര്, ജിസിസി പൗരന്മാര്, ഖത്തറിലെ പ്രവാസി താമസക്കാര്‍ എന്നിവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന് ബാധകമല്ല. എന്നാല്‍ ഖത്തറിലേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
അതെ സമയം ഇന്ത്യയുള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും എക്സപ്ഷണല്‍ റെഡ് ലിസ്റ്റില്‍ തുടരുകയാണ്. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള യാത്രാ ചട്ടങ്ങള്‍ മാറ്റമില്ലാതെ തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല