1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2021

സ്വന്തം ലേഖകൻ: സേവനങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെയും അവയില്‍ എടുത്ത തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വിമാനക്കമ്പനികളെ റേറ്റ് ചെയ്ത് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും സേവനം മെച്ചപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. 2021 ഒക്ടോബറില്‍ ലഭിച്ച പരാതികളുടെയും അവയില്‍ നടപടി സ്വീകരിച്ച തോതിന്‍റെയും അടിസ്ഥാനത്തിലാണ് അവയ്ക്ക് മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

വിമാനയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം യാത്രക്കാരില്‍ നിന്ന് 371 പരാതികളാണ് ആകെ ലഭിച്ചത്. വിമാന സര്‍വീസ് കാന്‍സല്‍ ചെയ്തതിനെ തുടര്‍ന്ന് ടിക്കറ്റ് തുക തിരികെ ലഭിക്കല്‍, വിമാനം കയറാന്‍ അനുവദിക്കാതിരിക്കല്‍, വിമാനം വൈകല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് പരാതികളില്‍ ഏറെയും. ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സൗദിയ്യയുടെ സേവനങ്ങളുമായി ബന്ധപ്പെട്ടാണെന്ന് ജിഎസിഎ വ്യക്തമാക്കി.

ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഏഴ് എന്ന തോതിലാണ് സൗദിയ്യയ്‌ക്കെതിരേ ലഭിച്ച പരാതികളുടെ എണ്ണം. അതേസമയം, ലഭിച്ച പരാതികളില്‍ 82 ശതമാനത്തിലും സമയബന്ധിതമായി പരിഹാരം കണ്ടെത്തി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ലക്ഷം യാത്രക്കാര്‍ക്ക് 16 പരാതികളുമായി ഫ്‌ളൈ അദീലായണ് സൗദിയയ്ക്ക് തൊട്ടുപിറകില്‍. എന്നാല്‍ 91 ശതമാനം കേസുകളിലും സത്വര പരിഹാരം കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചു. 18 പരാതികളുമായി ഫ്‌ളൈനാസ് എയര്‍ലൈന്‍സാണ് മൂന്നാം സ്ഥാനത്ത്. 96 ശതമാനമാണ് പ്രശ്‌നപരിഹാരത്തിന്‍റെ തോത്.

വിമാനത്താവളങ്ങളില്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് സേവനത്തില്‍ ഏറ്റവും മുന്നില്‍. ഇതിനെതിരേ ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഒന്ന് എന്ന തോതിലാണ് പരാതി ലഭിച്ചത്. ആകെ 14 പരാതികളാണ് കഴിഞ്ഞ മാസം ലഭിച്ചത്. എന്നാല്‍ പരാതി പരിഹാര നിരക്ക് 40 ശതമാനം മാത്രമാണ്. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സേവനങ്ങളുമായി ബന്ധപ്പെട്ടും ഒരു ലക്ഷത്തിന് ഒന്ന് എന്ന തോതിലാണ് പരാതി ലഭിച്ചത്. ആകെ ലഭിച്ച രണ്ട് പരാതികളിലും സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടായ കിംഗ് സൗദ് എയര്‍പോര്‍ട്ടിനെതിരേ ആകെ ലഭിച്ച ഒരു പരാതിയും സമയബന്ധിതമായി പരിഹരിച്ചു.

എയര്‍പോര്‍ട്ടുകളുടെയും എയര്‍ലൈന്‍സുകളുടെയും സേവനങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതെന്ന് ജിഎസിഎ അറിയിച്ചു. യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ പരസ്പരം മല്‍സരാന്തരീക്ഷം സൃഷ്ടിക്കാന്‍ റിപ്പോര്‍ട്ട് ഉപകരിക്കും. അതോടൊപ്പം മിതമായ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തുന്നതിനും ജനങ്ങളില്‍ നിന്നുള്ള പരാതികള്‍ പരമാവധി കുറയ്ക്കാനും ഇവയുടെ ഭാഗത്തു നിന്ന് ശ്രമങ്ങളുണ്ടാവുകയും ചെയ്യും. ജനങ്ങള്‍ക്ക് ഏത് വിമാനം തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഈ റേറ്റിംഗ് റിപ്പോര്‍ട്ട് സഹായകമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വിമാനത്താവളങ്ങളുടെയും എയര്‍ലൈന്‍സുകളുടെയും സേവനങ്ങളെ കുറിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവ യഥാസമയം സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനെ അറിയിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. 8001168888 എന്ന ഏകീകൃത കോള്‍ സെന്‍റര്‍ നമ്പര്‍, 0115253333 എന്ന വാട്ട്‌സാപ്പ് നമ്പര്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇമെയില്‍, ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയെല്ലാം പരാതികള്‍ നല്‍കാം. ലഭിക്കുന്ന പരാതികള്‍ നിഷ്പക്ഷമായും കാര്യക്ഷമമായും പരിശോധിക്കുന്നതിനുള്ള സംവിധാനം ജിഎസിഎ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.