1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2021

സ്വന്തം ലേഖകൻ: കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സിർബനിയാസ് ഫോറത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ഇന്ത്യൻ പവിലിയനിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറന്റീൻ ഒഴിവാക്കിയും നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയും ഇന്ത്യ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന വാക്സീനുകൾ യുഎഇയും അനുവദിക്കുന്നതായി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയുടെ കോവാക്സീൻ യുഎഇയും അംഗീകരിച്ചു. യുഎഇയിലേക്കു വരാൻ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തിൽ ദേശീയദുരന്ത നിവാരണ സമിതിയുമായി ആലോചിച്ച് നടപടിയെടുക്കാമെന്ന് യുഎഇ സമ്മതിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയിൽ ഉൾപ്പെടെ കൈക്കൊണ്ട ശക്തമായ നടപടികൾ മൂലം ഇന്ത്യ അതിവേഗം സാധാരണ നിലയിലേക്ക് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് ഇന്ത്യൻ സ്ഥാനപതി ഡോ.അമൻപുരിയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അതിനിടെ സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശ കാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. ദുബായ് എക്സ്പോയിൽ ഇന്ത്യ പവിലിയൻ സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ഇന്ത്യയിലേക്കും തിരികെയുമുള്ള വിമാന നിരക്ക് അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയത്. എയർ ബബ്ൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ആ സാഹചര്യം മാറി സാധാരണ നിലയിലുള്ള സർവീസ് ആരംഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്തി.

ക്വാറന്റീൻ ഇല്ലാതെ യാത്ര സാധ്യമാക്കുന്ന രീതിയിൽ കാറ്റഗറി എ വിഭാഗത്തിലുള്ള 97 രാജ്യങ്ങളുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടതായും മന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം സാധാരണ നിലയിലേക്കു മാറുകയാണ്. കോവിഡിൽ നിന്നും സാമ്പത്തിക മാന്ദ്യത്തിൽ നിന്നുമുള്ള ഉയർത്തെഴുന്നേൽപ്പിലാണ് രാജ്യം. വാണിജ്യ രംഗത്തും ഏറ്റവുമധികം വളർച്ച നേടിയതായും മന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.