1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2021

സ്വന്തം ലേഖകൻ: തെക്കന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ പ്രതിഫലനം യുഎഇയിലും അനുഭവപ്പെട്ടു. ഇന്നലെ ഞായറാഴ്ച വൈകിട്ട് നാലു മണിക്കു ശേഷമായിരുന്നു ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ ചെറു ഭൂചലനം അനുഭവപ്പെട്ടത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. യുഎഇയിലെ മുഴുവന്‍ എമിറേറ്റുകളിലും പ്രകമ്പനമുണ്ടായി. ദുബായിലും ഷാര്‍ജയിലും പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങി.

ഇറാന്റെ തെക്കുഭാഗത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപോര്‍ട്ട്. വൈകീട്ട് 4.07ന് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പമാണ് ഇറാനില്‍ അനുഭവപ്പെട്ടത്. തൊട്ടുടനെ 6.7 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഇറാനിലുണ്ടായി. ഇവയുടെ നേരിയ പ്രഭാവം മാത്രമാണ് യുഎഇയില്‍ ഉണ്ടായതെന്നും എവിടെയും നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ടു തവണ നേരിയ തോതില്‍ ഭൂമി കുലുങ്ങിയതായി യുഎഇ നിവാസികളും പറഞ്ഞു.

റാസല്‍ ഖൈമയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിട്ടായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നും നാഷനല്‍ സീസ്മിക് നെറ്റ് വര്‍ക്ക് അറിയിച്ചു. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഇത്. തെക്കന്‍ ഇറാനിലെ സാഗ്രോസ് പര്‍വ ശ്രേണിയിലുണ്ടായ ഫലകചലനമാണ് ഭൂകമ്പത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഇറാനോട് ചേര്‍ന്നു കിടക്കുന്ന യുഎഇയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലാണ് ഭൂകമ്പം കൂടുതല്‍ ശക്തമായി അനുഭവപ്പെട്ടതെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ നിരവധി പേര്‍ പ്രകമ്പനം അനുഭവപ്പെട്ടതായി റിപോര്‍ട്ട് ചെയ്തു. രണ്ട് മൂന്ന് മിനിറ്റ് നേരത്തേക്ക് വിറയല്‍ അനുഭപ്പെട്ടുവെന്ന് ജുമൈറ ലേക്ക് ടവേഴ്സ്, നഹ്ദ, ദേര, ബര്‍ഷ, ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് എന്നിവിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ഷാര്‍ജയിലും വീട്ടിനുള്ളിലെ ഉപകരണങ്ങളെല്ലാം അല്‍പ്പ നേരത്തേക്ക് കുലുങ്ങിയതായും വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്കോടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബര്‍ദുബായില്‍ എട്ട് മിനുട്ട് മുതല്‍ 10 മിനുട്ട് വരെ കസേരകളും കട്ടിലുകളും അടക്കം കുലുങ്ങിയതായും പ്രദേശവാസികള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.