
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ലിവർ പൂളിൽ കാർ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷാ ജാഗ്രത ഉയർത്തി രാജ്യം. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിൽ ഒരു ചാവേർ മരിച്ചിരുന്നു.സ്‌ഫോടനത്തെ ഭീകരാക്രമണമായി ബ്രിട്ടൻ സ്ഥിരീകരിച്ചിട്ടുണ്ട് ഇതിന് പിന്നാലെയാണ് സുരക്ഷ വർദ്ധിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു.
ടാക്‌സി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വൻ ചാവേറാക്രമണം തടയാനായത്.ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചെത്തിയ ചാവേറിനെ സംശയം തോന്നി ഡേവിഡ് പെറി എന്ന ഡ്രൈവർ കാറിൽ പൂട്ടിയിടുകയായിരുന്നു.ഇതിന് പിന്നാലെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ പരിക്കേറ്റ ഡേവിഡ് ചികിത്സയിലാണ്.
ആയിരക്കണക്കിന് സൈനികരും വിമുക്തഭടന്മാരും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന അനുസ്മരണ പരിപാടിക്കിടെ സ്‌ഫോടനം നടത്താനായിരുന്നു ചാവേറിന്റെ ശ്രമമെന്നാണ് കരുതുന്നത്. മാഞ്ചസ്റ്റർ ആസ്ഥാനമായുള്ള നോർത്ത് വെസ്റ്റ് ഭീകരവിരുദ്ധ സേന സ്‌ഫോടനത്തെ സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭീകരാക്രണണത്തിന് പിന്നാലെ രാജ്യ സുരക്ഷയിൽ ആശങ്ക വർദ്ധിച്ചതായി ബ്രിട്ടൻ ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ വ്യക്തമാക്കിയിരുന്നു. അതേസമയം ചാവേറിനെ കാറില്‍ പൂട്ടിയിട്ട് ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിച്ച ലിവര്‍പൂളിലെ ടാക്സി ഡ്രൈവര്‍ക്കു അഭിന്ദന പ്രവാഹം. വലിയൊരു ദുരന്തമാണ് അക്രമി വന്ന ടാക്സി കാറിന്റെ ഡ്രൈവര്‍ ഡേവിഡ് പെറിയുടെ ധീരമായ പ്രവൃത്തി മൂലം ഒഴിവായത്.
കാറിന്റെ പുറകില്‍ ഇരുന്ന യാത്രക്കാരന്റെ വയറിന്റെ ഭാഗത്തുനിന്നും ബീപ്പ് കേട്ടപ്പോള്‍ തന്നെ പുറകിലെ ഡോര്‍ ലോക്ക് ചെയ്തു ഓടി രെക്ഷപെടുകയും അതിലൂടെ മറ്റാളുകളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്ത ഡേവിഡ് പെറിയ്ക്ക് ഒറ്റദിവസം കൊണ്ട് ജനങ്ങള്‍ നലകിയതു 28285 പൗണ്ടാണ്. സിറിയയില്‍ നിന്നും അഭയാര്‍ത്ഥിയായി വന്ന എമാദ് അല്‍ സ്വെല്‍മീന്‍ ആണ് കാറില്‍ ഇരുന്നു പൊട്ടിത്തെറിച്ചു മരിച്ചത്.
ലിവര്‍പൂളിലെ റുത്തലാന്‍ഡ് എന്ന സ്ഥലത്തു നിന്നും ലിവര്‍പൂള്‍ വിമെന്‍ ഹോസ്പിറ്റലിലേക്കാണ് ഇയാള്‍ ടാക്സി വിളിച്ചിരുന്നത്. എന്നാല്‍ റോഡു പണിമൂലം വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടിരുന്നത് കൊണ്ട് വളരെ താമസിച്ചാണ് വിമെന്‍ ഹോസ്പിറ്റലിനു മുന്നിലെത്തിയത്. അവിടെനിന്നും വളരെ കുറച്ചു സമയം മതിയായിരുന്നു റിമംബറെന്‍സ് ഡേ ആഘോഷം നടക്കുന്ന ലിവര്‍പൂള്‍ ആംഗ്ലിക്കന്‍ കത്തീഡ്രലില്‍ എത്താന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല