1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2021

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ യുഎഇയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടുള്ള ക്ലാസ്സുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കും. അക്കാദമിക വര്‍ഷത്തെ രണ്ടാം സെമസ്റ്റര്‍ തുടങ്ങുന്ന ജനുവരി മുതലാണ് ക്ലാസ്സുകള്‍ പൂര്‍ണമായും ഓഫ് ലൈനാക്കുകയെന്ന് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.

ഇതോടെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് താല്‍ക്കാലിക വിരാമമാവും. മുഴുവന്‍ വിദ്യാര്‍ഥികളും ക്ലാസ്സുകളില്‍ ഹാജരാവുമ്പോള്‍ പാലിച്ചിരിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ എന്തൊക്കെയെന്നും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. അതോറിറ്റിയുടെ പ്രതിവാര ബ്രീഫിംഗിലായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വരുത്തിയ ഇളവുകളുടെ തുടര്‍ച്ചയായാണ് സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സുകളും നേരിട്ടുള്ളവയാക്കി മാറ്റുന്നത്.

അതേസമയം, ദുബായ്, ഷാര്‍ജ, അബൂദാബി എന്നീ എമിറേറ്റുകളിലെ വിദ്യാലയങ്ങള്‍ ആദ്യ സെമസ്റ്റര്‍ മുതല്‍ തന്നെ സ്‌കൂളുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും ക്ലാസ്സുകളില്‍ തിരിച്ചെത്തുന്ന മുറയ്ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കോവിഡിനെതിരായ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് അതോറിറ്റി അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണിത്. ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിലൂടെ മാത്രമേ രാജ്യത്തെ വിദ്യാലയങ്ങളിലെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിന്‍ പൂര്‍ണമായി എടുത്തെങ്കില്‍ മാത്രമേ യൂനിവേഴ്‌സിറ്റി താമസ സ്ഥലങ്ങളിലേക്ക് പ്രവേശനം ലഭിക്കൂ.

വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ഔദ്യോഗികമായി ഇളവ് നല്‍കപ്പെട്ടവര്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം. രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളും കോവിഡ് പെരുമാറ്റച്ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ചുമതല വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ നിര്‍വഹിക്കും. ഇതുമായി ബന്ധപ്പെട്ട നിരീക്ഷണം ശക്തമാക്കാനും അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സ്‌കൂള്‍ ബസ്സുകള്‍ക്ക് പൂര്‍ണ ശേഷിയില്‍ സര്‍വീസ് നടത്താം. എന്നാല്‍ യാത്രക്കാര്‍ മുഴുവനും നിര്‍ബന്ധമായും മാസ്‌ക്ക് ധരിച്ചിരിക്കണം. ബസ്സ് അടച്ചിട്ടതായിരിക്കരുതെന്നും നല്ല വായു സഞ്ചാരമുള്ളതായിരിക്കണം ബസ്സുകളെന്നും അധികൃതര്‍ അറിയിച്ചു.

വിദ്യാലയങ്ങളിലും പുറത്തും സാമൂഹിക അകലം പാലിക്കണം. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പരിപാടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ പങ്കെടുക്കാം. പക്ഷെ, പൂര്‍ണമായും വാക്‌സിന്‍ എടുത്തവരായിരിക്കണം മാതാപിതാക്കളെന്ന നിബന്ധനയുണ്ട്. അല്ലെങ്കില്‍ 96 മണിക്കൂറിന് ഇടയില്‍ ലഭിച്ച പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിച്ചിരിക്കണം. ഇവര്‍ സന്ദേശന വേളയില്‍ മുഴുവന്‍ ഫെയ്‌സ് മാസ്‌ക്ക് ധരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.