1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2021

സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊറോണ വൈറസ് മൂലമുണ്ടായ മരണങ്ങളിൽ അഞ്ച് ശതമാനം വർദ്ധന ഉണ്ടായതായി ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ കൊറോണ മരണനിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയ ഏകപ്രദേശമാണ് യൂറോപ്പ്. ലോകത്ത് ആകെ രേഖപ്പെടുത്തുന്ന കേസുകളുടെ എണ്ണത്തിൽ 6 ശതമാനം വർദ്ധന ഉണ്ടായതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ മേഖലകളിലാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആഴ്ചയിലെ റിപ്പോർട്ട് പ്രകാരം യൂറോപ്പ് ഒഴികെയുള്ള എല്ലായിടത്തും കൊറോണ മരണങ്ങളിൽ സ്ഥിരത പാലിക്കുകയോ കുറയുകയോ ചെയ്തിട്ടുണ്ട്. യൂറോപ്പിൽ റഷ്യ, ജർമ്മനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് പുതിയ കൊറോണ കേസുകൾ വർദ്ധിച്ച് വരുന്നത്. കൊറോണ മരണങ്ങളുടെ കണക്ക് എടുക്കുമ്പോൾ നോർവേയിൽ 67 ശതമാനവും സ്ലൊവാക്യയിൽ 38 ശതമാനവും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ലോകത്താകെ 50,000 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 33 ലക്ഷം പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 21 ലക്ഷവും യൂറോപ്പിൽ നിന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം യൂറോപ്പ്യൻ മേഖലയിലെ 61 രാജ്യങ്ങളിൽ തുടർച്ചയായ ഏഴാമത്തെ ആഴ്ചയാണ് കൊറോണ കേസുകൾ വർദ്ധിച്ച് വരുന്നത്.

റഷ്യ മുതൽ മദ്ധ്യഏഷ്യ വരെയുള്ള പ്രദേശമാണിത്. പടിഞ്ഞാറൻ യൂറോപ്പിലെ 60 ശതമാനം പേരും പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞതാണ്. അതേസമയം യൂറോപ്പിന്റെ കിഴക്കൻ മേഖലകളിൽ പകുതിയോളം ആളുകൾ മാത്രമാണ് വാക്‌സിൻ സ്വീകരിച്ചത്. ഇവിടുത്തെ ജനങ്ങൾ വാക്‌സിനേഷൻ സ്വീകരിക്കാൻ വലിയ മടി കാണിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, തെക്കൻ ഏഷ്യ എന്നീ മേഖലകളിൽ ജൂലൈ മാസം മുതൽ കൊറോണ കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇനിയും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജനുവരിയോടെ 500,000 അധിക മരണങ്ങൾ കൂടി ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഓസ്ട്രിയ, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങൾ കൊറോണ കേസുകൾ നിയന്ത്രണത്തിലാക്കുന്നതിന് വേണ്ടി കഴിഞ്ഞയാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. 40 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസുകൾ നൽകാൻ ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം യുകെയില്‍ കോവിഡ് വ്യാപന തോതില്‍ ഒരാഴ്ചയില്‍ ആദ്യമായി കുറവ് രേഖപ്പെടുത്തി. 38263 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയിലെ കണക്കു വച്ചു നോക്കിയാല്‍ 2.7 ശതമാനം കുറഞ്ഞു. മരണ നിരക്കിലും 6.1 ശതമാനം കുറവുണ്ടായി. ഇന്നലെ 201 പേരാണ് കോവിഡിന് കീഴടങ്ങി മരിച്ചതെങ്കില്‍ കഴിഞ്ഞ ബുധനാഴ്ചത്തെ കണക്കില്‍ 214 പേരാണ് മരണമടഞ്ഞത്. ആശുപത്രിയില്‍ പ്രവേശിച്ച രോഗികളുടെ എണ്ണത്തിലും 6.7 ശതമാനത്തിന്റെ കുറവുണ്ട്.

അതേസമയം, അടുത്ത മാസം മുതല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പൊതുയിടങ്ങളില്‍ കോവിഡ് വാക്സിന്‍ പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാക്കുകയാണ്. ഏറെ വിവാദമുയര്‍ത്തിയ ഈ നിര്‍ദ്ദേശത്തെ മന്ത്രിമാര്‍ ഒന്നടങ്കം പിന്താങ്ങിയതിനെ തുടര്‍ന്നാണ് ഇത് നിയമമാകുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് അടുത്തമാസം മുതല്‍ കോവിഡ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാകും. നൈറ്റ്ക്ലബ്ബുകള്‍, പബ്ബുകള്‍ തുടങ്ങിയവയിലും ഇത് നിര്‍ബന്ധമാകും.

വെയില്‍സില്‍ സിനിമാ ഹോളുകളിലേക്കും തീയറ്ററുകളിലേക്കും മറ്റ് കലാ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്നയിടങ്ങളിലേക്കും പ്രവേശിക്കുവാന്‍ കോവിഡ് പാസ്സ്പോര്‍ട്ട് നിര്‍ബന്ധമാക്കി. ക്രിസ്മസ് ന്യൂഇയര്‍ കാലവും ശൈത്യവും കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ത്തുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ സ്‌കോട്ട്ലാന്‍ഡില്‍ പബ്ബുകളിലേക്കും സിനിമാ ഹോളുകളിലേക്കും കൂടി കോവിഡ് പാസ്സ്പോര്‍ട്ട് വ്യാപിപ്പിക്കാന്‍ ആലോചിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.