
സ്വന്തം ലേഖകൻ: ഒന്നിലധികം ബലാത്സംഗ കേസുകളിൽ പെടുന്ന പ്രതികളെ കെമിക്കൽ ഉപയോഗിച്ച് വന്ധ്യംകരിക്കാനുള്ള ബിൽ പാസാക്കി പാകിസ്ഥാൻ പാർലമെന്റ്. കേസുകളുടെ വിചാരണ വേഗത്തിലാക്കാനും കഠിനമായ ശിക്ഷ ഏർപ്പെടുത്താനും ലക്ഷ്യംവെച്ചുള്ളതാണ് ബിൽ. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പാക്കുന്നത്.
ബലാത്സംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളിൽ അതിവേഗ കോടതിയിലൂടെ പൂർത്തിയാക്കി ശിക്ഷ വിധിക്കാനുള്ള ബലാത്സംഗ വിരുദ്ധ ബില്ലിന് പ്രസിഡന്റ് ആരിഫ് അൽവി ഒരു വർഷം മുമ്പ് അംഗീകാരം നൽകിയിരുന്നു. ബുധനാഴ്ച ചേർന്ന സംയുക്ത പാർലമെന്റ് യോഗത്തിലാണ് ബിൽ പാസാക്കിയത്. മരുന്ന് ഉപയോഗിച്ച് വന്ധ്യംകരണം നടത്തുന്നതിലൂടെ പ്രതിക്ക് ജീവിതകാലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയില്ലെന്നാണ് ബില്ലിൽ പറയുന്നത്.
ബില്ലിനെതിരെ ജമാഅത്തെ ഇസ്ലാമി സെനറ്ററായ മുഷ്താഖ് അഹമ്മദ് രംഗത്തെത്തി. ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റുകയാണ് വേണ്ടതെന്നും വന്ധ്യംകരണത്തെക്കുറിച്ച് ശരിയത്തിൽ പരാമർശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗിക ശേഷി കുറയ്ക്കുന്നതിനുള്ള മരുന്നുകളാണ് ബലാത്സംഗ കേസുകളിൽ പെടുന്ന പ്രതികളിൽ ഉപയോഗിക്കുക. ദക്ഷിണ കൊറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് അടക്കമുള്ള രാജ്യങ്ങളിലും യുഎസിലെ ചില സംസ്ഥാനങ്ങളിലും നിയമപരമായി വന്ധ്യംകരിക്കുന്ന ശിക്ഷ നടപ്പാക്കിവരുന്നുണ്ട്. പാക്കിസ്ഥാനിൽ ബലാത്സംഗ കേസുകളിൽ നാല് ശതമാനത്തിൽ താഴെ പ്രതികളെ മാത്രമാണ് ശിക്ഷിക്കുന്നതെന്നാണ് വിമർശകർ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല