
സ്വന്തം ലേഖകൻ: സ്‌കിറ്റ് സിറ്റിയിലെ (ഡാലസ് കൗണ്ടി) നോർത്ത് ഗാലോവേ അവന്യുവിൽ ഡോളർ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസ് (സജി 56) വെടിയേറ്റ് മരിച്ച കേസിൽ 15 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 17 ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കൊലക്കേസ് ചാർജ് ചെയ്തെങ്കിലും അക്രമിയുടെ പേരോ ഫോട്ടോയോ പൊലീസ് പുറത്തു വിട്ടിട്ടില്ല.
പ്രതിക്കു പ്രായപൂർത്തി ആകാത്തതിനാൽ ജുവനൈൽ കോടതിയിലാണോ വിചാരണ ചെയ്യുകയെന്നു വ്യക്തമല്ല. ബുധനാഴ്ച്ച ഉച്ചക്ക് 2 മണിയോടെ സ്റ്റോറിലെത്തി അക്രമി പണം ആവശ്യപ്പെട്ടു. കിട്ടാതെ വന്നപ്പോൾ കാറിലേക്ക് മടങ്ങി. തിരികെ പോയോ എന്നറിയാൻ കടയുടെ വാതിൽ തുറന്ന് സാജൻ നോക്കിയപ്പോൾ വെടിവെയ്ക്കുകയായിരുന്നു. വയറിൽ ഒന്നിൽ കൂടുതൽ തവണ വെടിയേറ്റ സാജൻ നടന്നാണ് ആംബുലൻസിൽ കയറിയത് എന്നും പറയപ്പെടുന്നു.
പെട്ടെന്നു പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോഴഞ്ചേരി ചെറുകോൽ കലപ്പമണ്ണിപ്പടി ചരുവേല്‍ വീട്ടിൽ പരേതരായ സി.പി മാത്യുവിന്റെയും സാറാമ്മയുടെയും മകനായ സാജന്‍ 2009ലാണ് കുവൈത്തില്‍ നിന്ന് അമേരിക്കയിലെത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്.
കുറ്റപ്പുഴ മോഴച്ചേരിൽ പരേതനായ എം.സി വർഗീസിന്റെയും, അന്നമ്മ വർഗീസിന്റെയും മകളായ മിനി സജിയാണ് ഭാര്യ. ഡാലസ് പ്രസ്ബിറ്റീരിയന്‍ ആശുപത്രിയിലെ നഴ്സാണ്. ഫേബാ സാറാ സാജൻ, അലീന ആൻ സാജൻ എന്നിവർ മക്കളും അനീഷ് മരുമകനും ആണ്. രണ്ടു മാസം മുൻപായിരുന്നു മൂത്ത മകളുടെ വിവാഹം.
പൊതുദർശനം നവംബർ 21 ഞായറാഴ്ച വൈകിട്ട് 4 മുതൽ 8 മണി വരെ പ്ലാനോ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ. സംസ്കാര ശുശ്രുഷകൾക്ക് ശേഷം പ്ലാനോയിൽ ഉള്ള ടെഡ് ഡിക്കി ഫ്യൂണറൽ ഹോം സെമിത്തേരിയിൽ സംസ്കാരം നവംബർ 24 ബുധൻ രാവിലെ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് എന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
സംഭവസ്ഥലത്ത് സാജൻ മാത്യൂസിന്റെ സ്നേഹിതരായ അനേക ആളുകൾ ക്യാൻഡിൽ ലൈറ്റ് വിജിൽ നടത്തി. വെള്ളി വൈകിട്ട് 7 മണിക്കും വിജിൽ നടത്തുന്നുണ്ടെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല