
സ്വന്തം ലേഖകൻ: യുകെയിൽ വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ തൊട്ടാൽ 200 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റും. ഫോണില്‍ വിളിച്ചില്ലെങ്കിലും വാഹനമോടിക്കുന്ന സമയത്ത് ഫോണ്‍ കൈയിലുണ്ടെങ്കില്‍ പിടി വീഴും. എല്ലാ സാഹചര്യങ്ങളിലും വാഹനം ഓടിക്കുമ്പോള്‍ നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുന്നത് തടയുകയാണ് അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരുന്ന കര്‍ശന നിയമങ്ങള്‍ ഉന്നം വക്കുന്നത്.
പാട്ടുകൾ പ്ലേലിസ്റ്റിൽ തിരയാനും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും ഫോട്ടോ എടുക്കാനും മൊബൈല്‍ ഗെയിം കളിക്കാനും സ്‌ക്രീനില്‍ സ്‌പര്‍ശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തും. ചുവപ്പ് ലൈറ്റിന് സമീപം നിര്‍ത്തുമ്പോഴോ ട്രാഫിക്കില്‍ കുടുങ്ങിപ്പോകുമ്പോഴും കര്‍ശനമായ ഈ നിയമങ്ങള്‍ ബാധകമാകും. അതേസമയം ഫോണ്‍ ഹോള്‍ഡറും ഹാന്‍ഡ്‌സ് ഫ്രീ കോളുകളും വഴി ഡ്രൈവർമാർക്കും ഫോണ്‍ ഉപയോഗിക്കാന്‍ കഴിയും.
കൂടാതെ ഡ്രൈവ്-ത്രൂ റെസ്റ്റോറന്റുകളിലോ ടോള്‍ റോഡുകളിലോ മൊബൈല്‍ പേയ്‌മെന്റുകളും അനുവദിക്കും. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനം ഓടിക്കുന്നവര്‍ തങ്ങളുടെ വാഹനം ശരിയായല്ല നിയന്ത്രിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയാല്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാവുന്നതാണ്. ഡ്രൈവിങ്ങിനിടെ ടെക്‌സ്‌റ്റ് അയയ്‌ക്കുകയോ വിളിക്കുകയോ ചെയ്യുന്നത് നിരോധിക്കുന്ന നിലവിലുള്ള നിയമങ്ങളെ പുതിയ മാറ്റങ്ങള്‍ ശക്തിപ്പെടുത്തുന്നു.
നിയമങ്ങള്‍ അവഗണിക്കുന്ന ഡ്രൈവര്‍മാരെ പ്രോസിക്യൂട്ട് ചെയ്യുന്നത് എളുപ്പമാക്കുന്നതാണ് മാറ്റങ്ങള്‍ എന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. “മൊബൈല്‍ ഫോണുകള്‍ കൈവശം വെച്ചിരിക്കുമ്പോള്‍ വളരെയധികം മരണങ്ങളും പരിക്കുകളും സംഭവിക്കുന്നു,“ അദ്ദേഹം പറഞ്ഞു.
യുകെയില്‍ ഈ മാസം മറ്റു മൂന്ന് പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വരുകയാണ്. പുതിയ ക്ലീന്‍ എയര്‍ സോണ്‍, വാഹനം കെട്ടിവലിച്ചുകൊണ്ട് പോകുന്നതില്‍ വരുന്ന മാറ്റം, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ നീട്ടി നല്‍കിയ കാലാവധി അവസാനിക്കുന്നു എന്നിവയാണ് നിയമങ്ങള്‍. ഈ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് 1000 പൗണ്ട് പിഴ ചുമത്തുമെന്നും ഡിവിഎല്‍എ അറിയിച്ചു.
ലണ്ടന്‍ പോലെ പോര്‍ട്സ്മൗത്ത് ക്ലീന്‍ എയര്‍ സോണ്‍ അവതരിപ്പിക്കും. ക്ലീന്‍ എയര്‍ സോണ്‍ ആവുന്ന മൂന്നാമത്തെ നഗരമാണ് പോര്‍ട്സ്മൗത്ത്. നവംബര്‍ 29 മുതല്‍ സോണില്‍ ടാക്‌സികള്‍ക്ക് പ്രതിദിനം 10 പൗണ്ട് ഈടാക്കും. കോച്ചുകള്‍ക്കും ലോറികള്‍ക്കും 50 പൗണ്ടാണ് ഫീസ്. ഈ നിരക്ക് സ്വകാര്യ വാഹനങ്ങളെ ബാധിക്കില്ല. മലിനീകരണം കുറയ്ക്കുന്നതിനായുള്ള ഈ പദ്ധതി തങ്ങള്‍ക്ക് പൂര്‍ണ്ണ താല്പര്യമുള്ള മാര്‍ഗമല്ലെങ്കില്‍ കൂടി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്ലീന്‍ എയര്‍ സോണ്‍ ആരംഭിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് നേരത്തെ പോര്‍ട്‌സ്മൗത്ത് കൗണ്‍സില്‍ പറഞ്ഞിരുന്നു.
ലണ്ടന്‍, ബര്‍മിംഗ്ഹാം എന്നിവയാണ് നിലവില്‍ ക്ലീന്‍ എയര് സോണില്‍ ഉള്‍പ്പെടുന്ന നഗരങ്ങള്‍. കോവിഡ് കാരണം 2020 ഫെബ്രുവരിക്കും ഡിസംബറിനും ഇടയില്‍ കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാനുള്ള സമയം 11 മാസം കൂടി നീട്ടി നല്‍കിയിരുന്നു. അതായത് കഴിഞ്ഞ ഡിസംബറില്‍ കാലാവധി തീര്‍ന്ന ലൈസന്‍സ് ഈ മാസം തന്നെ പുതുക്കേണ്ടതാണ്. 1997 ജനുവരി 1 ന് ശേഷം കാര്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായ ആര്‍ക്കും ഇനി മുതല്‍ 3,500 കിലോ വരെയുള്ള ട്രെയിലറുകള്‍ കെട്ടിവലിച്ചു കൊണ്ടുപോകാം. നിലവില്‍ ഈ ഡ്രൈവര്‍മാര്‍ ഭാരമുള്ള വാഹനം കെട്ടിവലിക്കുന്നതിനായി കാര്‍, ട്രെയിലര്‍ ടെസ്റ്റ് എന്നിവ നടത്തേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല