1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2021

സ്വന്തം ലേഖകൻ: ഖത്തറിൽ വീസ ചട്ടങ്ങൾ ലംഘിച്ച് ഖത്തറിൽ അനധികൃതമായി താമസിക്കുന്നവർക്ക് ശിക്ഷാ നടപടികൾ ഇല്ലാതെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സമയ പരിധി ഡിസംബർ 31 വരെ. പ്രവാസികളുടെ വരവും മടക്കവും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമം ലംഘിച്ചവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കാലാവധി അവസാനിക്കുന്നതിന് മുമ്പ് എല്ലാവരും ഈ ആനുകൂല്യം ഉപയോഗിക്കാന്‍ മുന്നോട്ടു വരണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. ഈ വര്‍ഷം ഒക്ടോബര്‍ 10നായിരുന്നു ഖത്തറില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് (എസ്എഫ്ഡി) പൊതുമാപ്പ് അപേക്ഷകള്‍ സ്വീകരിക്കാന്‍ ഒരുക്കിയ സംവിധാനങ്ങള്‍ കാണാനെത്തിയ പ്രവാസി നേതാക്കളുമായി സംസാരിക്കവെ, ഡിപാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ കമാല്‍ താഹിര്‍ അല്‍ തായിരിയാണ് ഈ ആഹ്വാനവുമായി രംഗത്തെത്തിയത്.

റെസിഡന്‍സി പെര്‍മിറ്റ് ലഭിക്കാതെയോ അതു പുതുക്കാതെയോ രാജ്യത്ത് 90 ദിവസത്തില്‍ കൂടുതല്‍ കാലമായി തങ്ങുന്നവരും, തൊഴിലുടമ അനുമതിയില്ലാതെ തൊഴില്‍ ഉപേക്ഷിച്ച് പോയതായി കാണിച്ച് അബ്‌സ്‌കോണ്ടിംഗ് പരാതി നല്‍കിയിട്ടില്ലാത്തതുമായ പ്രവാസികളാണ് പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു വിഭാഗം. നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരും തൊഴിലുമട അബ്സ്‌കോണ്ടിംഗ് പരാതി നല്‍കി 30 ദിവസം കഴിഞ്ഞിട്ടില്ലാത്തവരുമായ പ്രവാസികളാണ് മറ്റൊരു വിഭാഗം. ഇവര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരുന്ന പക്ഷം, നിയമ ബാധ്യതകളില്ലാതെ രാജ്യം വിടാന്‍ ആവശ്യമായ സംവിധാനം എസ്എഫ്ഡി ഒരുക്കും. മറ്റൊരു വിസയില്‍ ഇവര്‍ക്ക് ഖത്തറിലേക്ക് വീണ്ടും വരുന്നതിന് തടസ്സമുണ്ടാവില്ല. കാലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങുന്ന ഫാമിലി റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താം.

തൊഴില്‍ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരും തൊഴിലുമട അബ്സ്‌കോണ്ടിംഗ് പരാതി നല്‍കി 30 ദിവസം കഴിഞ്ഞവരുമായ പ്രവാസികള്‍ക്ക് നിയമം അനുശാസിച്ചിട്ടുള്ള അനുരഞ്ജന വ്യവസ്ഥകള്‍ സ്വീകരിച്ച് രാജ്യം വിടാം. ഇവര്‍ക്ക് മറ്റൊരു വിസയില്‍ ഖത്തറിലേക്ക് മടങ്ങി വരാവുന്നതുമാണ്. അതേപോലെ, റസിഡന്‍സ് പെര്‍മിറ്റ് കാന്‍സല്‍ ചെയ്ത ശേഷം 90 ദിവസത്തില്‍ കൂടുതല്‍ കാലം ഖത്തറില്‍ തങ്ങുന്നവര്‍ക്കും ഇതു തന്നെയാണ് വ്യവസ്ഥ. അവര്‍ക്കും നിയമം അനുശാസിച്ചിട്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സ്വീകരിച്ച് രാജ്യം വിടാവുന്നതും മറ്റൊരു വിസയില്‍ ഖത്തറിലേക്ക് മടങ്ങി വരാവുന്നതുമാണ്.

മുകളില്‍ പറഞ്ഞ എല്ലാ കേസുകളിലും 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ രാജ്യം വിടാവുന്നതും നിരോധനമില്ലാതെ ഖത്തറിലേക്ക് തിരിച്ചു വരാവുന്നതുമാണെന്ന് ക്യാപ്റ്റന്‍ അല്‍ തായിരി പറഞ്ഞു. സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും എസ്എഫ്ഡി നല്‍കുമെന്ന് യുനിഫൈഡ് സര്‍വീസസ് ഡിപാര്‍ട്ട്മെന്റ് ഓഫീസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ റാഷിദ് പറഞ്ഞു. ഉം സലാല്‍, ഉം സുനൈം, മിസൈമീര്‍, അല്‍ വക്റ, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സര്‍വീസ് സെന്ററുകള്‍ വഴി സേവനം ലഭിക്കും.

അതേസമയം, നിയമ വിരുദ്ധമായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്കായുള്ള പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ച 2021 ഒക്ടോബര്‍ 10ന് ശേഷം ജോലി വിട്ടു പോയതായി കാണിച്ച് തൊഴിലുടമ പരാതിപ്പെട്ടവരുടെ അപേക്ഷകള്‍ പൊതുമാപ്പ് ആനുകൂല്യത്തിനായി പരിഗണിക്കില്ല. ഇത് പൊതുമാപ്പ് കാലാവധിയില്‍ ഉള്‍പ്പെടില്ല എന്നതാണ് കാരണം. ഒക്ടോബര്‍ 10ന് മുമ്പായി തൊഴിലുടമയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് മാത്രമേ ആനുകൂലം ലഭിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ അഞ്ച് സര്‍വീസ് സെന്ററുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തങ്ങുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷ നല്‍കാം. അപേക്ഷ പരിശോധിച്ച ചെയ്ത ശേഷം അന്തിമ തീരുമാനത്തിനായി ലേബര്‍ ഡിപാര്‍ട്ട്മെന്റിന് കൈമാറും. സര്‍വീസ് സെന്ററിലെ നടപടിക്രമങ്ങള്‍ രണ്ടു മിനിറ്റ് കൊണ്ട് പൂര്‍ത്തിയാവും. അപേക്ഷകന്‍ നിശ്ചിത ഉപാധികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ടെങ്കില്‍ ലേബര്‍ ഡിപാര്‍ട്ട്മെന്റ് അഞ്ച് പ്രവര്‍ത്തി ദിവസത്തിനകം തീരുമാനം അറിയിക്കും. അപേക്ഷാ ഫോം ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റില്‍ ലഭ്യമാണ്. സ്റ്റാറ്റസ് ക്രമപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ പുതിയ തൊഴിലുടമയുടെ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ കോപ്പി ഹാജരാക്കണമെന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അലി അല്‍ റാഷിദ് പറഞ്ഞു.

താമസ, തൊഴില്‍ വിസാ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവരില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ടും ഓപ്പണ്‍ ട്രാവല്‍ ടിക്കറ്റുമായി സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപാര്‍ട്ടമെന്റിന്റെ പ്രധാന സ്വീകരണ ഹാളിലാണ് എത്തേണ്ടത്. വിവരങ്ങള്‍ പരിശോധിച്ച് മൂന്ന് മിനിറ്റിനകം ഇവര്‍ക്ക് യാത്രാ അനുമതി നല്‍കും. ഇതുമായി ടിക്കറ്റില്‍ പറഞ്ഞിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം എയര്‍പോര്‍ട്ടിലേക്ക് പോവുകയും ഒരു സാധാരണ യാത്രക്കാരനെ പോലെ നാട്ടിലേക്ക് മടങ്ങുകയും ചെയ്യാം. ഇതുമായി ബന്ധപ്പെട്ട സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്മെന്റിലെയും അഞ്ച് സര്‍വീസ് സെന്ററുകളിലെയും ഓഫിസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് പ്രവര്‍ത്തിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.