
സ്വന്തം ലേഖകൻ: “വർക് ഫ്രം ഹോമിൽ” വീട്ടിനുള്ളിൽ അപകടം സംഭവിച്ചാൽ ചികിത്സ ചെലവും അനന്തര ഫലങ്ങളും ഉൾപ്പെടെയുള്ളതിന്റെ മുഴുവൻ ഉത്തരവാദിത്തവും തൊഴിൽദാതാവിന്റെ ആക്സിഡന്റൽ ഇൻഷുറൻസ് കമ്പനിക്കായിരിക്കുമെന്നു ജർമ്മ്മനിയിലെ പരമോന്നത സോഷ്യൽ കോടതി വിധിച്ചു. കിടപ്പു മുറിയിൽ നിന്നും ഓഫിസ് മുറിയിലേക്കു പോകാൻ കോണിപ്പടി ഇറങ്ങുന്നതിനിടയിൽ ഉരുണ്ടു വീണ് എല്ലിൽ പൊട്ടലുണ്ടായ അപകടത്തിലാണ് കാസ്സലിലുള്ള ഫെഡറൽ കോടതിയുടെ ഉത്തരവ്.
“വർക് ഫ്രം ഹോമി”ൽ ഭക്ഷണത്തിനോ ലഘു വിശ്രമമോ പോലുള്ള ജോലിക്കിടയിൽ സാധാരണമായ ഇടവേളകളിൽ നടക്കുന്ന അപകടങ്ങളിൽ പോലും തൊഴിൽദാതാവിന്റെ ആക്സിഡന്റൽ ഇൻഷുറൻസ് കമ്പനിക്കാണ് ഉത്തരവാദിത്തമെന്നും, തൊഴിലിനിടെ നടന്ന അപകടമായി കണക്കാക്കി ചികിത്സ ചെലവ്, അംഗവൈകല്യം, ജോലിചെയ്യാൻ പറ്റാത്ത അവസ്ഥ തുടങ്ങി എല്ലാ പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം ആക്സിഡന്റൽ ഇൻഷുറൻസിനാണെന്ന് ജർമ്മൻ കോടതിയുടെ വിധിയിൽ പറയുന്നു.
കൊറോണയുടെ വരവോടെ “വർക് ഫ്രം ഹോം” സാധാരണയാകുന്നതിന് മുൻപ് 2018 ലായിരുന്നു സംഭവം. സെയിൽസ് വിഭാഗം ഏരിയ മാനേജരായിരുന്ന പരാതിക്കാരൻ, അന്നത്തെ തൊഴിൽ സംബന്ധമായ നിർദേശങ്ങൾ ജോലിതുടങ്ങുന്നതിന്റെ ഭാഗമായി കംപ്യൂട്ടറിൽ നോക്കാനായി വീട്ടിലെ മറ്റൊരു മുറിയിലേക്കു പോകവേ രാവിലെ 7:30 നായിരുന്നു അപകടം.
ജോലി സ്ഥലത്തെ അപകടത്തിന്റെ ഇൻഷുറൻസ് കവറേജ് പരിധിയിൽ വീട്ടിനുള്ളിലെ അപകടം വരില്ലെന്നും, വീടിന് പുറത്തു ജോലിസ്ഥലത്തേക്കുള്ള വഴിയിലും, ജോലി സ്ഥലത്തും നടക്കുന്ന അപകടത്തിനു മാത്രമേ തങ്ങൾക്ക് ഉത്തരവാദിത്വം ഉള്ളെന്നും പറഞ്ഞു ഇൻഷുറൻസ് കമ്പനിയും ഇതര തർക്ക പരിഹാര കേന്ദ്രങ്ങളും പരാതിക്കാരനെ കൈയൊഴിഞ്ഞു.
ജോലിയുടെ ഭാഗമായാണു കിടപ്പുമുറിയിൽ നിന്നും ഓഫിസ് മുറിയിലേക്കു പോയതെന്നു കോടതിയെ ബോധിപ്പിക്കാനായതാണ് വിധിയിൽ നിർണായകമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല