1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2021

സ്വന്തം ലേഖകൻ: മിക്രോൺ കോവിഡ് വകഭേദം മൂലം ബ്രിട്ടനിൽ ഒരാൾ മരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥിരീകരിച്ചു. തീവ്ര വ്യാപനശേഷിയുളള ഒമിക്രോൺ മൂലം ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ മരണമാണിത്. ലണ്ടനിലെ വ്യാപനത്തിലെ 40% ഒമിക്രോൺ മൂലമാണ്. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് മാരകമല്ലെങ്കിലും അലംഭാവം പാടില്ലെന്നു പ്രധാനമന്ത്രി ഓ‍ർമിപ്പിച്ചു.

നവംബർ 27നാണ് യുകെയിൽ ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ചത്. നിലവിൽ 10 പേർ ചികിത്സയിലുണ്ട്. ഒമിക്രോൺ വ്യാപനം മൂലം വർക് ഫ്രം ഹോം മാർഗനിർദേശങ്ങൾ നിലവിൽ വന്നതിനു പിന്നാലെ യുകെയിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസിനായി നീണ്ട നിര. മൂന്നാം ഡോസ് വാക്സിൻ ഈ മാസം 31 ന് അകം എല്ലാവർക്കും നൽകാനാണു ലക്ഷ്യമിടുന്നത്. ബ്രിട്ടനിൽ 12 വയസ്സിനു മുകളിലുള്ള 80% പേർക്കു 2 ഡോസ് വാക്സിനും ലഭിച്ചതാണ്. 40 % മൂന്നു ഡോസും സ്വീകരിച്ചിട്ടുണ്ട്.

ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപന സാധ്യതയെക്കുറിച്ച് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രോഗബാധിതര്‍ ദ്രുതഗതിയില്‍ ഉയരുന്നത് കാരണം രാജ്യത്തെ ആരോഗ്യ ഉപദേഷ്ടാക്കാള്‍ കനത്ത ജാഗ്രത നിർദേശിച്ചതിനു പിന്നാലെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഞായറാഴ്ച 1239 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അഞ്ച് തലങ്ങളുള്ള യുകെയിലെ കോവിഡ് അലേര്‍ട്ട് മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തിയിരുന്നു. യുകെയില്‍ ഇതുവരെ 3137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചവരെ 1898 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച 65 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ജൂണ്‍ മുതല്‍ ബ്രിട്ടണ്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിത്തുടങ്ങിയിരുന്നു. മുന്നറിയിപ്പ് ലെവല്‍ മൂന്നായി നിലനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഒമിക്രോണ്‍ ഭീഷണിവരുന്നത്. ഉയര്‍ന്ന വ്യാപന സാധ്യത സൂചിപ്പിക്കുന്ന ലെവല്‍ നാല് മുന്നറിയിപ്പാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ആഫ്രിക്കയില്‍ അടക്കം രോഗവ്യാപനം അതിരൂക്ഷമാണെങ്കിലും ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. നിലവില്‍ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.