1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2021

സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങൾ തമ്മിൽ സാമ്പത്തിക, സുരക്ഷാ, പ്രതിരോധ സഹകരണം ശക്തമാക്കണമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. റിയാദിൽ നടന്ന 42-ാമത് ജിസിസി ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കീരിടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരും പ്രതിനിധികളും പങ്കെടുത്തു.

ഏകീകൃത ഗൾഫ് എന്ന ആശയം എല്ലാ രംഗങ്ങളിലും പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം. ആഗോള ഊർജ വിപണികളുടെ സ്ഥിരതക്ക് സന്തുലനത്തോടെ പ്രവർത്തിക്കുകയും, ലോകത്തിന് നല്ല ഊർജം നൽകിയും പുതിയ കണ്ടുപിടിത്തങ്ങൾക്കും വികസനത്തിനും പിന്തുണ നൽകിയും കാലാവസ്ഥാ വ്യതിയാന പ്രതിഭാസം കൈകാര്യം ചെയ്യുകയും വേണം. ഈ ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ സൗദി ഗ്രീൻ ഇനീഷ്യേറ്റീവും മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷ്യേറ്റീവും പ്രഖ്യാപിച്ചത്.

ഗൾഫ് രാജ്യങ്ങൾ തമ്മിലെ സാമ്പത്തിക ഐക്യം പൂർത്തീകരിക്കേണ്ടത് പ്രധാനമാണ്. മേഖലയിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ സൗദി അറേബ്യ ശ്രമം തുടരുമെന്നും, യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണേണ്ടത് അനിവാര്യമാണ്. യെമൻ സംഘർഷത്തിന് പരിഹാരം കാണാൻ യു.എൻ ദൂതൻ നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുമെന്നും കിരീടാവകാശി പറഞ്ഞു.

ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ അഭിലാഷങ്ങൾ നേടിയെടുക്കാനും വിവേകപൂർണമായ നിർദേശങ്ങൾക്കും ആശയങ്ങൾക്കും കീഴിൽ രാജ്യങ്ങൾക്കും ജനങ്ങൾക്കും നന്മയും സുരക്ഷയും സമൃദ്ധിയും കൈവരിക്കാൻ കഴിയുന്നതിനും ആവശ്യമായ തീരുമാനങ്ങൾ നടപ്പാക്കാനുള്ള മാർഗങ്ങളെല്ലാം യോഗം ചർച്ച ചെയ്തു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ് എന്നിവർ സംബന്ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.