
സ്വന്തം ലേഖകൻ: കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാത്ത രാജ്യങ്ങൾ സന്ദര്‍ശിച്ചവര്‍ ആ വിവരം വെളിപ്പെടുത്താതെ സൗദിയിലേക്ക് പ്രവേശിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം സൗദി റിയാൽ ആണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ കൊവിഡിന്‍റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ സൗദി എത്തുന്നത്. കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാത്ത രാജ്യങ്ങളില്‍ നിന്നും വിമാനങ്ങൾ വഴിയോ അല്ലാതെയോ സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ എയർലൈൻ കമ്പനികളും വാഹന ഉടമകളും ബാധ്യസ്ഥരാണ്. അവരുടെ കെെയ്യില്‍ വ്യക്തമായ കണക്കുകള്‍ ഉണ്ടായിരിക്കണം.
ഒമിക്രോൺ വകഭേദം കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് എത്തുന്നവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്താത്ത പക്ഷം കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ നല്‍ക്കുന്ന മുന്നറിയിപ്പ്. ആരോഗ്യ നിരീക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 21, 25, 26 എന്നിവ അടിസ്ഥാനമാക്കിയായിരിക്കും സൗദി നടപടികള്‍ സ്വീകരിക്കുക.
രാജ്യാന്തര യാത്രക്കാർ പകരുന്ന രോഗങ്ങള്‍ ഉള്ള സമയത്ത് അത് പടരാതിരിക്കാനുള്ള മുൻകരുതൽ പാലിക്കണമെന്നതാണ് നിയമം. നിയമം ലംഘിക്കുന്നവരേയും അതിന് കൂട്ട് നിന്നവരും ശിക്ഷയില്‍ ഉള്‍പ്പെടും. കൂടാതെ നിയമപരമല്ലാത്ത രീതിയില്‍ സൗദിയിലേക്ക് പ്രവേശിക്കുന്നവര്‍ മൂലം നാശനഷ്ടങ്ങൾ ഉണ്ടായാല്‍ നിയമം ലംഘിക്കുന്നവരും അതിന് കൂട്ടുനിന്നവരും ഉത്തരവാദികളാണെന്ന് അധികൃതർ അറിയിച്ചു. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ കണ്ടെത്തിയാല്‍ കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല