
സ്വന്തം ലേഖകൻ: യുകെയിഫ്ൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ശൈത്യകാലം കനക്കുന്നതോടെ വീണ്ടുമൊരു കോവിഡ് തരംഗത്തിന് ബ്രിട്ടൻ ഇരയാകുമെന്ന് നേരത്തെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന കണക്കുകൾ. ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 78,610 പേർക്കാണ്. കേസുകൾ കൂടിയതോടെ ചികിൽസതേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. 7673 പേരാണ് വിവിധ എൻഎച്ച്എസ് ആശുപത്രികളിൽ ചികിൽസയിലുള്ളത്.
കേസുകൾ വർധിക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നില്ല എന്നതാണ് ആശ്വാസകരമായ കാര്യം. വാക്സിനേഷന്റെ ബലത്തിലാണ് ബ്രിട്ടൻ പുതിയ തരംഗത്തെ അതിജീവിക്കുന്നത്. രാജ്യത്തെ 12 വയസിനു മുകളിലുള്ള 89 ശതമാനം പേരും ഒരു ഡോസെങ്കിലും വാക്സിനെടുത്തവരാണ്. ഇതിൽതന്നെ 82 ശതമാനം പേരും രണ്ടുഡോസ് സ്വീകരിച്ചവരും.
രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടിയും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുണ്ട്. 43 ശതമാനം പേർക്ക് ബൂസ്റ്റർ ഡോസും നൽകിക്കഴിഞ്ഞു. ലോകമെങ്ങും ഒമിക്രോണിന്റെ പേരിൽ അനാവശ്യമായ ആശങ്ക പടരുമ്പോഴും ഒട്ടേറെ ഒമിക്രോൺ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട ബ്രിട്ടനിൽ ഇതിന്റെ പേരിൽ പ്രത്യേകം ആശങ്കയില്ല. ബൂസ്റ്റർ ഡോസിലൂടെ ഒമിക്രോണിന്റെ ഭീഷണിയെയും മറികടക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല