1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2021

സ്വന്തം ലേഖകൻ: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്ക് പുതിയ നിബന്ധനയുമായി അബുദാബി. ഓരോ ഏഴ് ദിവസവും കൂടുമ്പോഴും ജീവനക്കാര്‍ നിര്‍ബന്ധമായും പിസിആര്‍ പരിശോധന എടുക്കണം. ഡിസംബര്‍ 26 ഞായറാഴ്ച മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി (എന്‍സിഇഎംഎ) യുമായി ഏകോപിപ്പിച്ച് ഗവര്‍മെന്റ് സപ്പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് (ഡിജിഎസ്) ആണ് പുതിയ നിര്‍ദേശം അറിയിച്ചത്.

എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും കമ്പനികളും പിസിആര്‍ പരിശോധന നടത്തണമെന്ന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പിസിആര്‍ പരിശോധന ബാധകമാണോയെന്ന കാര്യത്തില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരെ പരാമര്‍ശിച്ചിട്ടില്ല. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാന്‍ അല്‍ ഹൊസന്‍ ആപ്പില്‍ പച്ച കത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

2022 ജനുവരി 3 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. ഒമിക്രോണ്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ ബൂസ്റ്റര്‍ ഡോസ് നിയമം കര്‍ശനമാക്കി. രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടിട്ടും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കില്ല.

പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് 6 മാസ കാലാവധി തീര്‍ന്നവരുടെ അല്‍ഹൊസൈന്‍ ആപ്പില്‍ പച്ചയ്ക്ക് പകരം ഗ്രേ നിറമായത്. പിസിആര്‍ ടെസ്റ്റ് എടുത്താലും ആപ്പില്‍ പച്ച കത്തില്ല. ബൂസ്റ്റര്‍ ഡോസ് എടുത്താലേ പച്ച തെളിയൂ.

അബുദാബിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും ഷോപ്പിങ് മാള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്വാകര്യ സ്ഥാപനങ്ങളിലേക്കും പ്രവേശനം ലഭിക്കാന്‍ ഗ്രീന്‍ പാസ് കാണിക്കണം. എന്നാല്‍, പിസിആര്‍ ടെസ്റ്റ് മാത്രം എടുത്ത് മാളിലെത്തിയ പലര്‍ക്കും ഗ്രീന്‍ പാസില്ലാത്തതിനാല്‍ പ്രവേശനം നിഷേധിച്ചു. അബുദാബിയിലെ ദേശീയ ദിന പരിപാടികളില്‍ പങ്കെടുക്കുന്നതിനും ഗ്രീന്‍പാസിന് പുറമെ 96 മണിക്കൂറിനകമുള്ള പിസിആര്‍ ടെസ്റ്റും നിര്‍ബന്ധമാക്കിയിരുന്നു.

അതേസമയം, ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളിലെ മാളുകളിലേക്കുള്ള പ്രവേശനത്തിന് ഗ്രീന്‍പാസ് നിര്‍ബന്ധമല്ല. മുമ്പ് രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസ കാലാവധി കഴിഞ്ഞവര്‍ക്കും പിസിആര്‍ പരിശോധന എടുത്താല്‍ ഗ്രീന്‍ പാസ് ലഭിച്ചിരുന്നു. രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസം കാലാവധി കഴിഞ്ഞവര്‍ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി സൗജന്യ ബൂസ്റ്റര്‍ ഡോസ് എടുക്കണം.

ഫൈസര്‍, സ്പുട്നിക്, സിനോഫാം വാക്സിനുകളാണ് ബൂസ്റ്റര്‍ ഡോസ് ആയി നല്‍കുന്നത്. സിനോഫാം എടുത്തവര്‍ക്ക് ആവശ്യമെങ്കില്‍ ഫൈസറോ സ്പുട്നികോ എടുക്കാം. ഒരു ഡോസ് വാക്സിനാണ് ഇപ്പോള്‍ നല്‍കുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ബൂസ്റ്റര്‍ ഡോസ് സഹായിക്കുമെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.