1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2021

സ്വന്തം ലേഖകൻ: ക്രിസ്മസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യുഎസിലും യൂറോപ്പിലും ഒമിക്രോൺ ആഞ്ഞടിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം അമേരിക്കയിൽ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കൊറോണ കേസുകളിൽ 73.2 ശതമാനവും ഒമിക്രോൺ ആണെന്നത് ആശങ്കയ്‌ക്ക് കാരണമാവുന്നുണ്ട്.

അതേസമയം കൊറോണ വകഭേദം ഒമിക്രോണിനെ നേരിടാൻ അമേരിക്ക ഒരുങ്ങിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഒമിക്രോണിനെ നേരിടാൻ അഞ്ച് ലക്ഷം പരിശോധനകൾ നടത്തും.ഒമിക്രോൺ സംബന്ധിച്ച് ജാഗ്രത വേണമെന്നും എന്നാൽ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് 2020 മാർച്ച് അല്ല ഇതുവരെ 20 കോടി പേർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒമിക്രോണിനെ നേരിടാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് 580 മില്യൺ ഡോളറിന്റെ അധിക സഹായം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിൽ ഒമിക്രോൺ പടരുന്നതിനിടെയാണ് ജോ ബൈഡന്റെ പരാമർശം.

സ്പെയിനില്‍ ഒമിക്രോണിനൊപ്പം കോവിഡ് കേസുകളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊതുഇടങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സർക്കാർ. ആറു മാസം മുന്‍പാണ് മാസ്ക് നിര്‍ബന്ധമാക്കിയ നിയമം ഒഴിവാക്കിയത്.

എന്നാല്‍ ചൊവ്വാഴ്ച മാത്രം 49,823 കോവിഡ് കേസുകളാണ് സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനസംഖ്യയുടെ 80 ശതമാനവും പ്രതിരോധ കുത്തിവെപ്പെടുത്തതിനാല്‍ സ്പെയിനില്‍ കോവിഡ് അണുബാധയുടെ എണ്ണം കുറച്ചിരുന്നു. എന്നാല്‍ ഒമിക്രോണിന്‍റെ അപ്രതീക്ഷിത വരവ് കേസുകളുടെ എണ്ണം കൂട്ടി. ബുധനാഴ്ച 60,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പോർച്ചുഗല്‍, നെതർലാൻഡ് പോലുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ചെയ്തതുപോലെ ഒമിക്രോണ്‍ തടയുന്നതിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താത്തതിന് ചില വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെ വിമർശിച്ചു. എന്നാല്‍ അദ്ദേഹം ഈ ആരോപണങ്ങളെ നിഷേധിച്ചു.

വാക്സിനുകൾ ലഭ്യമല്ലാത്ത മഹാമാരിയുടെ ആദ്യ ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്പാനിഷ് ജനസംഖ്യയുടെ ഉയർന്ന വാക്സിനേഷൻ നിരക്ക് ഉദ്ധരിച്ച് ”ഇത് 2020 മാർച്ചോ 2020 ക്രിസ്തുമസോ അല്ല“ എന്നാണ് സാഞ്ചസ് തിരിച്ചടിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.