1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2021

സ്വന്തം ലേഖകൻ: ലോകത്തില്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വിനോദ സഞ്ചാര കേന്ദ്രമായി യുഎഇ. വിദേശകാര്യമന്ത്രി വി മുരളീധരന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം വിനോദത്തിനായി ഇന്ത്യക്കാര്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത് യുഎഇയാണ്.

2021 ന്റെ ആദ്യ പാദത്തില്‍ 314,495 ഇന്ത്യക്കാര്‍ യുഎഇയില്‍ ടൂറിസ്റ്റ് വിസയില്‍ സഞ്ചരിച്ചിട്ടുണ്ട്. ഈ കാലയളവിലെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായത്. 2020 മാര്‍ച്ചിനേക്കാളും 50 ശതമാനം കൂടുതല്‍ ഇന്ത്യക്കാരാണ് യുഎഇ സന്ദര്‍ശിച്ചത്. ഈ സമയത്ത് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കൊടുംമ്പിരി കൊണ്ടിരിക്കുന്ന സമയമായിരുന്നു.

ഉഭയകക്ഷി ബബ്ള്‍ കരാറിന് കീഴില്‍ യാത്രക്കാര്‍ കുറഞ്ഞ അളവിലാണെങ്കിലും, ഈ വര്‍ഷം ആദ്യം മൂന്ന് മാസങ്ങളില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ച കാലയളവിലെ കണക്കുകളില്‍ നിന്ന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കിടയില്‍ യുഎഇയുടെ ജനപ്രീതി വ്യക്തമാണ്.

യാത്രക്കാര്‍ക്ക് നേരിട്ടുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത് കോവിഡ് കാരണം നീട്ടിവച്ചിരിക്കുകയാണ്. അതിനാല്‍ എയര്‍ ബബ്ള്‍ കരാറാണ് യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള ഏകമാര്‍ഗ്ഗം. ഇന്ത്യയ്ക്ക് നിലവില്‍ യുഎഇ, ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ 31 രാജ്യങ്ങളുമായി എയര്‍ ബബ്ള്‍ കരാര്‍ ഉണ്ട്.

കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 536,038 ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളിലേക്ക് പോയി. എന്നാല്‍, ഈ വര്‍ഷം ഇതേ സമയത്ത് യാത്രക്കാരുടെ എണ്ണം 393,374 ആയി കുറഞ്ഞു. അതേസമയം, യുഎഇ സന്ദര്‍ശിച്ച ഇന്ത്യന്‍ യാത്രക്കാര്‍ താരതമ്യേന 50 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാക്കി.

ഇന്ത്യക്കാരുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തായ് ലാന്‍ഡും ബംഗ്ലാദേശുമാണ്. എന്നാല്‍, ഇരു രാജ്യങ്ങളിലും യാത്ര ചെയ്ത ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണം യുഎഇയേക്കാള്‍ വളരെ കുറവാണ്.

കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും 2021 ന്റെ ആദ്യ പാദത്തില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ ഏറ്റവും അധികം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സുരക്ഷിതത്വം, മികച്ച അടിസ്ഥാന സൗകര്യം, സുതാര്യ വിസ നടപടികള്‍ എന്നിവയാണ് യുഎഇയിലേക്ക് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ പ്രധാന കാരണം. ലോകത്തെ ഏറ്റവും വലിയ അക്വേറിയം, ലോകോത്തര തീം പാര്‍ക്കുകളായ ഫെറാറി വേള്‍ഡ്, യാസ് ഐലന്‍ഡ്, വാര്‍ണര്‍ ബ്രോസ് വേള്‍ഡ് എന്നിവയ്ക്ക് പുറമെ ലുവ്‌റ് അബുദാബി മ്യൂസിയം, ഡെസേര്‍ട് സഫാരി, ലിവ ഈന്തപ്പഴോത്സവം എന്നിവയും സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടങ്ങളാണ്. മാത്രമല്ല, ഷെയ്ഖ് സാദിദ് ഗ്രാന്‍ഡ് മോസ്‌ക്, അല്‍ വത്ബ ഒട്ടകയോട്ട മത്സരം തുടങ്ങി രാജ്യത്തിന്റെ സാംസ്‌കാരിക, പൈതൃക മേഖലകള്‍ക്കൊപ്പം അത്യാഡംബര വിനോദ പരിപാടികളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.