1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2021

സ്വന്തം ലേഖകൻ: സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു. എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും അണുബാധയുടെ സാധ്യത കുറക്കുന്നതിലും ബൂസ്റ്റര്‍ ഡോസിന് പ്രധാന പങ്കുണ്ട്. വകഭേദങ്ങളുടെ ഗുരുതര ലക്ഷണങ്ങളെ അത് പ്രതിരോധിക്കും. 16 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കണം.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യയെന്നും, അടുത്തയാഴ്ചകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ 5 നും 11 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ കൊടുക്കുന്നത് ആരോഗ്യ വിഭാഗം ആരംഭിച്ചിട്ടുണ്ട്. വൈറസില്‍ നിന്ന് ഉയര്‍ന്ന അപകടസാധ്യത ഉള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിന് വാണിജ്യ ബിസിനസുകളില്‍ നിന്ന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് സൗദി വാണിജ്യ മന്ത്രാലയം വക്താവ് അബ്ദുള്‍ റഹ്മാന്‍ അല്‍ ഹുസൈന്‍ ഇതേ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒരു സ്ഥാപനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ അംഗീകൃത തവാല്‍ക്കനാ ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് സ്‌കാന്‍ ചെയ്യുന്നതിനായി വാണിജ്യ ബിസിനസുകള്‍ ബാര്‍കോഡുകള്‍ നടപ്പാക്കേണ്ടതുണ്ട്. ഈ ആപ്പിലൂടെ ഉപഭോക്താക്കളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കേണ്ട ചെറിയ വാണിജ്യ ബിസിനസുകളുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് എടുത്തതിന്റെ രേഖ സമര്‍പ്പിക്കാതെ വാണിജ്യ ബിസിനസുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നിബന്ധന ഫെബ്രുവരി മുതല്‍ നടപ്പിലാകും. കോവിഡ് രോഗബാധയെ കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാനാണ് തവാല്‍ക്കനാ ആപ്പ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത്. വാക്‌സിനേഷന്‍ വിവരങ്ങള്‍, രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കുന്നതിനായി ഒരു കോവിഡ് പാസ്‌പോര്‍ട്ട് ആയി തവാല്‍ക്കനാ ആപ്പ് ഉപയോഗിക്കുന്നു.

മാസ്‌ക് ധരിക്കല്‍, കൈ വൃത്തിയായി കഴുകല്‍, സ്വയം ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ ജനങ്ങള്‍ പാലിക്കണമെന്ന് അല്‍- അബ്ദ് അല്‍- അലി ഊന്നിപ്പറഞ്ഞു. രാജ്യത്ത് ഇതുവരെ 5,52,795 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 5,40,868 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ മരണസംഖ്യ 8871 ആയി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. സൗദിയില്‍ ഇതുവരെ 49,597,752 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,951,756 എണ്ണം ആദ്യ ഡോസും 23,068,475 എണ്ണം സെക്കന്‍ഡ് ഡോസുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.