1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2021

സ്വന്തം ലേഖകൻ: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഡിസംബര്‍ 27 മുതല്‍ ഒത്തുചേരലുകള്‍, കൂട്ടായ്മകള്‍, അടച്ചിട്ട മുറികളിലെ ആഘോഷ പരിപാടികള്‍ എന്നിവയ്ക്ക് എമിറേറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

വിവാഹങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍, കുടുംബ കൂട്ടായ്മകള്‍ എന്നീ പരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറച്ചുകൊണ്ട് പരമാവധി 60 % ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. അടച്ചിട്ട മുറികളിലുള്ള പരിപാടികളില്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം 50 പേരില്‍ കൂടരുത്. തുറസ്സായ സ്ഥലങ്ങളില്‍ 150 ആളുകളും വീടുകളില്‍ നടത്തുന്ന ചടങ്ങുകളില്‍ 50 പേരും മാത്രമാണ് പങ്കെടുക്കാവൂ.

അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ്, 48 മണിക്കൂര്‍ സമയപരിധിയുള്ള പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം, സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാല്‍ മാത്രമേ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുകയുള്ളൂ.

എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അബുദാബി എമിറേറ്റില്‍ കുറഞ്ഞ കോവിഡ് രോഗബാധ നിരക്ക് നിലനിര്‍ത്തുന്നതിനും എമിറേറ്റില്‍ ജനങ്ങള്‍ക്കിടയില്‍ പരിശോധനയും നിരീക്ഷണവും കൂട്ടും.

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കല്‍, വായും മൂക്കും മൂടിയ രീതിയില്‍ മാസ്‌ക് ധരിക്കല്‍, 2 മീറ്റര്‍ അകലത്തില്‍ ശാരീരിക അകലം പാലിക്കല്‍, പതിവായി കൈകഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യല്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ തുടരണമെന്ന് കമ്മിറ്റി അഭ്യര്‍ഥിച്ചു. ബൂസ്റ്റര്‍ വാക്‌സിന്‍ ഡോസ് സ്വീകരിക്കണമെന്നും പതിവ് പിസിആര്‍ പരിശോധനയിലൂടെ അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനിര്‍ത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.

അതേസമയം, യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ വിമാനത്താവളത്തില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവ അധികൃതര്‍ പുതിയ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. ക്രിസ്മസ്, ന്യൂഇയര്‍ പ്രമാണിച്ച് വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണം 400 ശതമാനം ഉയരും. ഡിസംബര്‍ 22 നും ജനുവരി 2 നും ഇടയില്‍ ഏകദേശം 32,000 യാത്രക്കാരും 102 വിമാനങ്ങളും അബുദാബി വിമാനത്താവളത്തിലൂടെ കടന്നു പോകും എന്നാണ് കരുതപ്പെടുന്നത്.

അബുദാബി എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 8,400 യാത്രക്കാരുടെ നാലിരട്ടിയും 56 വിമാനങ്ങളുടെ ഇരട്ടിയോളം വരും പുതിയ കണക്ക്. ഉത്സവ സീസണിലുടനീളം സുഗമമായ യാത്രകള്‍ ഉറപ്പാക്കാന്‍ കൃത്യമായ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന് അബുദാബി എയര്‍പോര്‍ട്ട് യാത്രക്കാരോട് അഭ്യര്‍ഥിച്ചു.

ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളും നിയമങ്ങളും യാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് ചോദിച്ച് മനസ്സിലാക്കണം. വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ എത്തിയിരിക്കണം. നേരത്തെ എത്തിയാല്‍ യാത്ര നിയമങ്ങള്‍ വ്യക്തമായി മനസിലാക്കാനും അതിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനും സാധിക്കും. വിമാനത്താവളത്തിനുള്ളില്‍ എത്തിയാല്‍ എല്ലായ്പ്പോഴും മാസ്‌ക് ധരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.