
സ്വന്തം ലേഖകൻ: യുഎഇയിലെ മറ്റു എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം വരുന്നു. ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് ചൊവ്വാഴ്ച അധികൃതര്‍ പുറത്തിറക്കി. രാജ്യത്ത് ഉയരുന്ന കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
നാളെ മുതൽ അബുദാബിയിലേക്കു പ്രവേശിക്കാൻ ഗ്രീൻ പാസോ 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലമോ നിർബന്ധം. ഇഡിഇ പരിശോധനയ്ക്കു പുറമെയാണിത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പ്രവേശന മാനദണ്ഡം കർശനമാക്കുന്നതെന്ന് അബുദാബി ദുരന്ത നിവാരണ സമിതി അറിയിച്ചു.
കോവിഡ് വാക്സീൻ സ്വീകരിച്ചവർ അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കണം. വാക്സീൻ എടുക്കാത്തവർ 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ പ്രവേശനം അനുവദിക്കൂ.അതിർത്തി കവാടത്തിലാണ് ഗ്രീൻപാസോ പിസിആർ ഫലമോ കാണിക്കേണ്ടത്. ഇഡിഇ സ്കാനർ പരിശോധനയിൽ ചുവപ്പു തെളിയുന്നവരെ അവിടതന്നെ ആന്റിജൻ ടെസ്റ്റിനു വിധേയമാക്കും.
ഇതിൽ പോസിറ്റീവായാൽ തിരിച്ചയയ്ക്കും. അബുദാബി താമസക്കാരാണെങ്കിൽ ക്വാറന്റീനിലേക്കു മാറ്റും. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ സ്വദേശികളും വിദേശികളും ബാധ്യസ്ഥരാണെന്നും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല