
സ്വന്തം ലേഖകൻ: പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്ഥാപനങ്ങള്‍ക്കും വിനോദ കേന്ദ്രങ്ങള്‍ക്കുമുള്ള കോവിഡ് മാനദണ്ഡം പ്രഖ്യാപിച്ച് അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര കേന്ദ്രം. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ കൈവശം ഗ്രീന്‍പാസും 96 മണിക്കൂറിനകത്തുള്ള കോവിഡ് നെഗറ്റീവ് ഫലവും ഉണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. സന്ദര്‍ശകര്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
കോവിഡ് വാക്സിന് സ്വീകരിച്ച താമസക്കാരും സന്ദര്‍ശകരും പിസിആര്‍ പരിശോധന എടുത്താല്‍ 14 ദിവസത്തേയ്ക്ക് അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍പാസ് ലഭിക്കും. ഇതിനു പുറമെ 96 മണിക്കൂറിനകത്തുള്ള പിസിആര്‍ പരിശോധനാ നെഗറ്റീവ് ഫലവും ഉള്ളവര്‍ക്ക് മാത്രമേ ആഘോഷപരിപാടികളില്‍ പ്രവേശനം അനുവദിക്കൂ. മാത്രമല്ല, ആഘോഷ സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധനയും ഉണ്ടാകും. നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
പുതുവര്‍ഷാഘോഷത്തോട് അനുബന്ധിച്ച് തിരക്ക് കണക്കിലെടുത്ത് പ്രധാന മേഖലകളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. മുഹമ്മദ് ബിന്‍ ബൊലേവാഡ് വൈകിട്ട് 4 മുതല്‍ 7 വരെ അടച്ചിടും. ഹോട്ടലുകളിലും കഫേകളിലും നേരത്തെ റിസര്‍വ് ചെയ്തവര്‍ 4 ന് മുമ്പെ എത്തണം. ഊദ് മേത്തയില്‍ നിന്നുള്ള അല്‍ അസായല്‍ സ്ട്രീറ്റ് വൈകിട്ട് 4 നും ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റും സുഖൂക് സ്ട്രീറ്റും രാത്രി 8 നും അടയ്ക്കും. അല്‍ സബീല്‍ 2 നും മെയ്ദാനും ഇടയ്ക്കുള്ള അല്‍ മുസ്തഖ്ബാല്‍ സ്ട്രീറ്റും 4 മുതല്‍ 8 വരെ അടച്ചിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല