
സ്വന്തം ലേഖകൻ: പുതുവർഷത്തിന്റെ ആദ്യ നിമിഷത്തിൽ 3 ലോക റെക്കോർഡുകൾ സൃഷ്ടിച്ച് അടുത്ത 50 വർഷത്തേക്കുള്ള കുതിപ്പിന് യുഎഇ തുടക്കമിടുന്നു. 40 മിനിറ്റു ദൈർഘ്യമുള്ള വെടിക്കെട്ടിലൂടെ റെക്കോർഡ് പുസ്തകത്തിൽ കയറുകയാണ് ലക്ഷ്യം. 30,000 കോടി ദിർഹത്തിന്റെ വമ്പൻ നിക്ഷേപ പദ്ധതികൾ, മർബാൻ എന്ന പേരിൽ സ്വന്തം ക്രൂഡ് ഓയിൽ ബ്രാൻഡിന്റെ വ്യാപാരം, പ്രോജക്ട്സ് ഓഫ് ദ് 50, ചരിത്രത്തിലെ ഏറ്റവും വലിയ നിയമ നിർമാണ പരിഷ്കാരം എന്നിവയോടെയാണ് പുതുവർഷത്തിലേക്കു കടക്കുന്നത്.
നടപ്പുവർഷം 152 ആഗോള സൂചികകളിൽ യുഎഇ ഒന്നാമതെത്തി. 274 സൂചികകളിൽ ലോകത്തിലെ മികച്ച അഞ്ച് രാജ്യങ്ങളിൽ ഇടംപിടിച്ചു. ഇയർബുക്ക് ഓഫ് ഗ്ലോബൽ കോംപറ്റീവ്നസ് 2021 പ്രകാരം 425 ആഗോള സൂചികകളിലെ ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നാണ്. സാമ്പത്തികം, നികുതി, സമ്പദ്വ്യവസ്ഥ, നൂതന സാങ്കേതിക വിദ്യ, ഊർജം എന്നീ മേഖലകളിൽ ഒന്നാം സ്ഥാനത്താണ്. മാത്രവുമല്ല ലോക ബാങ്കിന്റെ ഗ്ലോബൽ ഫൈൻ ഇൻഡക്സിൽ മേഖലയിൽ ഒന്നാം സ്ഥാനവും നേടി.
നിക്ഷേപവും വിദേശ വ്യാപാരവും ഇരട്ടിയാക്കാനും വ്യാവസായിക മേഖലയുടെ സംഭാവന വർധിപ്പിക്കാനും ദീർഘകാല നേട്ടങ്ങൾ കൈവരിക്കാനുമുള്ള പദ്ധതികൾ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. കോവിഡ് വെല്ലുവിളിക്കിടയിലും എണ്ണയിതര ജിഡിപിയിൽ 3.8% വളർച്ച രേഖപ്പെടുത്തി. 110 രാജ്യങ്ങളിലായി ഏകദേശം 500 സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു.
റെയിൽവേ പദ്ധതികളിൽ 5000 കോടി ദിർഹം നിക്ഷേപിക്കുമ്പോൾ 20,000 കോടി ദിർഹത്തിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 9 വർഷത്തിനകം രാജ്യത്തെ വിദേശ നിക്ഷേപം 1 ട്രില്യൺ ദിർഹമായി വർധിക്കും. കയറ്റുമതിയിൽ 4500 കോടി ദിർഹത്തിന്റെ വാർഷിക വർധന പ്രതീക്ഷിക്കുന്നു.
കോവിഡിനു ശേഷം എക്സ്പോ 2020 ദുബായ് ഉൾപ്പെടെ രാജ്യാന്തര സമ്മേളനങ്ങളും പ്രദർശനങ്ങളും പുനരാരംഭിച്ച് മാതൃകയായി. ഇതു സമസ്ത മേഖലകളിലും ഉണർവുണ്ടാക്കി. 2030-ഓടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 14% വളർച്ചയും 2050ഓടെ 24% വളർച്ചയും കൈവരിക്കാനാണ് പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല