
സ്വന്തം ലേഖകൻ: ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ കോവിഡ് സുനാമി സൃഷ്ടിക്കുമെന്ന ആശങ്ക പങ്കുവെച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗീബർസിയുസാണ് ആശങ്കയുമായി രംഗത്തെത്തിയത്. കോവിഡ് കേസുകളുടെ വർധന ആരോഗ്യസംവിധാനങ്ങളെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡെൽറ്റ വകഭേദത്തോടൊപ്പം അതി തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നതോടെ അത് കോവിഡ് സുനാമിക്ക് കാരണമാകുമെന്ന് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഒമിക്രോൺ തീവ്രമാകില്ലെന്നതിനെ സാധൂകരിക്കുന്ന ആധികാരികമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത കോവിഡിന്‍റെ ഒമിക്രോൺ വകഭേദം യുഎസിലും യുറോപ്പിലും അതിവേഗത്തിൽ പടരുകയാണ്. ലോകാരോഗ്യസംഘടനയിൽ അംഗങ്ങളായ 194 രാജ്യങ്ങളിൽ 92 എണ്ണവും ഈ വർഷം അവസാനത്തോടെ 40 ശതമാനം പേർക്കും വാക്സിൻ നൽകണമെന്ന ലക്ഷ്യം പൂർത്തീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ജൂലൈയോടെ ലോകത്തെ 70 ശതമാനം പേർക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യയിലും ഒമിക്രോൺ ആശങ്ക വിതക്കുകയാണ്. രാജ്യത്ത് 900 പേർക്ക് ഇതുവരെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വകഭേദം കണ്ടെത്തിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളും കടുപ്പിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല