
സ്വന്തം ലേഖകൻ: സൗദിയിൽ ലോക്കൽ റോമിംഗ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇരുപത്തി ഒന്നായിരം ഗ്രാമങ്ങളിൽ സേവനം ലഭ്യമാകുമെന്ന് കമ്മ്യൂണിക്കേഷൻ അതോറിറ്റി അറിയിച്ചു. അഞ്ച് മില്യണ്‍ മൊബൈൽ ഉപഭോക്താക്കൾക്ക് സേവനം സൌജന്യമായി പ്രയോജനപ്പെടുത്താനാകും.
സൗദിയിൽ മൊബൈൽ നെറ്റ് വർക്ക് കവറേജ് കുറഞ്ഞ പ്രദേശങ്ങളിൽ, കൂടുതൽ കവറേജുള്ള മറ്റു കമ്പനികളുടെ നെറ്റ് വർക്ക് വഴി ഉപഭോക്താക്കൾക്ക് മൊബൈൽ സേവനം ലഭ്യമാക്കുന്ന പദ്ധതിയാണിത്. സൗദിയിലെ പ്രധാന മൊബൈൽ സേവന ദാതാക്കളായ എസ്.ടി.സി, മൊബൈലി, സൈൻ എന്നീ കമ്പനികൾ ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചത്.
മൊബൈൽ നെറ്റ് വർക്ക് കുറവുള്ള രാജ്യത്തെ 21,000 ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും മരുഭൂമികളിലും ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു കരാർ. കരാർ പ്രകാരം തന്നെ പദ്ധതി പൂർത്തീകരിച്ചതായി കമ്മ്യൂണിക്കേഷൻ അതോറിറ്റി ഗവർണ്ണർ മുഹമ്മദ് അൽ തമീമി അറിയിച്ചു.
5 മില്യൺ ഉപഭോക്താക്കൾക്ക് പദ്ധതിയുടെ സേവനം സൗജന്യമായി ഉപയോഗപ്പെടുത്താനാകും. എസ്.ടി.സി, മൊബൈലി, സൈൻ എന്നീ കമ്പനികളുടെ വരിക്കാർക്കാണ് പുതിയ സേവനം പ്രയോജനപ്പെടുക. ഇതിലെ ഏതെങ്കിലും ഒരു ഈ കമ്പനിയുടെ മൊബൈൽ വരിക്കാരന് മൊബൈൽ നെറ്റ് വർക്ക് കവറേജ് കുറവാണെങ്കിൽ മറ്റു കമ്പനികളുടെ നെറ്റ് വർക്ക് വഴി സേവനം ലഭ്യമാകും. ഇതിനായി ഉപഭോക്താവ് പ്രത്യേകമായ ഫീസ് നൽകേണ്ടതില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല