1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2022

സ്വന്തം ലേഖകൻ: കോവിഡിനൊപ്പം ജീവിച്ച് മുന്നോട്ട് പോകാനുള്ള പദ്ധതിയുമായി യുകെ. കോവിഡിനൊപ്പം ജീവിച്ച് മുന്നോട്ട് പോകാന്‍ യുകെ ലോകത്തിന് വഴികാട്ടുമെന്നാണ് എഡ്യുക്കേഷന്‍ മന്ത്രി നദീം സവാഹി പറഞ്ഞത്. “മഹാമാരിയില്‍ നിന്നും എന്‍ഡെമിക്കിലേക്ക് കടക്കുന്ന ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളില്‍ നമ്മള്‍ മുന്‍നിരയിലുണ്ടാകും,“ നദീം സവാഹി വ്യക്തമാക്കി.

കോവിഡിനൊപ്പം ജീവിക്കാനുള്ള പദ്ധതി തയാറാക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘകാല വിലക്കുകള്‍ നടപ്പാക്കുന്നത് ഒഴിവാക്കാനുള്ള പദ്ധതി മാര്‍ച്ചില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി അപകടമില്ലാത്ത സാഹചര്യങ്ങളില്‍ ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകള്‍ വേണ്ടെന്നുവെച്ചും, ഐസൊലേഷന്‍ കാലയളവുകള്‍ ചുരുക്കിയും സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ നീക്കുമെന്ന് ദി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണ്‍ അത്ര ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുന്നില്ലെന്ന സൂചനകള്‍ പുറത്തുവരുന്നതോടെ ഐസൊലേഷന്‍ കാലയളവ് അഞ്ച് ദിവസമാക്കി ചുരുക്കാനുള്ള ആവശ്യങ്ങളും ശക്തമാകുന്നുണ്ട്. ബിസിനസുകളും, ആശുപത്രികളും, സ്‌കൂളുകളും ജീവനക്കാരുടെ ക്ഷാമം മൂലം പ്രതിസന്ധിയിലാകുന്നത് ഒഴിവാക്കാന്‍ ഇത് സഹായകമാകുമെന്നതിനാല്‍ ചാന്‍സലര്‍ റിഷി സുനാക് പദ്ധതിയെ പിന്തുണയ്ക്കുന്നു.

ഐസൊലേഷന് അഞ്ച് ദിനമാക്കുന്നതിന് ക്യാബിനറ്റില്‍ 60 ശതമാനം പിന്തുണയുണ്ടെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍ ഇതിന് ശാസ്ത്രജ്ഞരുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

അതിനിടെ യുകെയില്‍ കോവിഡിനൊപ്പം വിലക്കയറ്റവും കുതിക്കുന്നു. അവശ്യസാധനങ്ങളുടെ വിലയില്‍ പത്ത് ശതമാനത്തിലേറെ വര്‍ദ്ധനയാണ് പുതുവര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. ബീഫും, ബ്രെഡും മുതല്‍ പാല്‍, മുട്ട, പീസ് എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ ഭക്ഷ്യ വസ്തുക്കള്‍ക്കാണ് വിലയാണ് ഏറ്റവും കൂടിയിരിക്കുന്നതെന്ന് ഡെയ്‌ലി മെയില്‍ സര്‍വെ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അഞ്ച് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ 2700 വര്‍ദ്ധനവുകളാണ് ഉണ്ടായതെങ്കില്‍ ഈ വര്‍ഷം അത് 4400ന് അടുത്ത് വര്‍ദ്ധനവുകളാണെന്ന് മേഖലയിലെ അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. പുതുവര്‍ഷത്തില്‍ 10,000ഓളം ഉത്പന്നങ്ങളുടെ വിലയാണ് ഉയര്‍ന്നതെന്ന് വിവിധ ഭക്ഷ്യ റീട്ടെയിലര്‍മാരും വ്യക്തമാക്കുന്നു.

സാധാരണ വീടുകളിലേക്ക് ആവശ്യമായ സാധനങ്ങളുടെ ശരാശരി വിലയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ 6 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് പ്രൈസ് ട്രാക്കിംഗ് & റീട്ടെയില്‍ അനലിസ്റ്റുകളായ അസോഷ്യ പറഞ്ഞു. ഗ്രോസറികള്‍ക്കായി മാസത്തില്‍ 430 പൗണ്ട് ചെലവാക്കുന്ന ആളുകള്‍ക്ക് യുകെയില്‍ ശരാശരി 25 പൗണ്ട് അധികമായി ചെലവ് വരുന്നുണ്ട്.

പാലിന് 9 ശതമാനവും, മുട്ടയ്ക്ക് 8 ശതമാനവും, ഹോള്‍മീല്‍ ബ്രെഡിന് 7 ശതമാനവും വിലവര്‍ദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ഓഫറുകള്‍ നോക്കിയാണ് ഉപഭോക്താക്കള്‍ പലപ്പോഴും ഷോപ്പിംഗ് നടത്തുന്നത്. എന്നാല്‍ ഉയര്‍ന്ന ഗതാഗത ചെലവും, ഇന്ധന ചെലവും ഭക്ഷ്യവിതരണ ശൃംഖലയെയും, ഗ്രോസറി മേഖലയെയും ബാധിച്ചിട്ടുണ്ട്.

ഇതിന്റെയെല്ലാം പ്രത്യാഘാതം വരും മാസങ്ങളില്‍ വിലകളില്‍ പ്രതിഫലിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഫ്രെഷ് ഫുഡിന് 3 ശതമാനമാണ് വില വര്‍ദ്ധനവുള്ളതെന്നാണ് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം വ്യക്തമാക്കിയിട്ടുണ്ട്.

എനര്‍ജി ബില്ലുകള്‍ വര്‍ദ്ധിക്കുന്നതിന് പുറമെ ടാക്‌സ് ഉയരുന്നതും, 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പവും ചേര്‍ന്ന് കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. 2022 വര്‍ഷം സാമ്പത്തിക ഞെരുക്കത്തിന്റേതാണെന്നാണ് പ്രവചനം.

ഏപ്രില്‍ മുതല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് 1.25 ശതമാനം ഉയരുന്നത് ഇടത്തരക്കാരെ സാരമായി ബാധിക്കും. ഇതേ മാസത്തില്‍ ഭൂരിഭാഗം ടൗണ്‍ഹാളുകളും കൗണ്‍സില്‍ ടാക്‌സ് 3 ശതമാനത്തോളം വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഇതോടെയാണ് ശരാശരി കുടുംബത്തിന് 1200 പൗണ്ടെങ്കിലും അധിക ചെലവ് വരുന്നത്. എനര്‍ജി ബില്‍ ഇപ്പോള്‍ കണക്കാക്കുന്നതിലും ഉയര്‍ന്നാല്‍ ആകെ ബില്‍ വീണ്ടും കുതിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.