1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2022

സ്വന്തം ലേഖകൻ: എനര്‍ജി ബില്‍ വര്‍ധനയില്‍ ആശങ്കയിലാകുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനങ്ങളെ സര്‍ക്കാരിന് എങ്ങനെ സഹായിക്കാനാകും എന്നതിനെക്കുറിച്ച് ചാന്‍സലര്‍ റിഷി സുനകുമായി സംസാരിക്കുകയാണെന്ന് ബോറിസ് പറഞ്ഞു. ചില ടോറി എംപിമാര്‍ ബില്ലുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിന് ഗ്രീന്‍ ലെവികളും വാറ്റും വെട്ടിക്കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നു.

വാറ്റ് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ലേബര്‍, എണ്ണ, വാതക ഉല്‍പ്പാദകരില്‍ ഉയര്‍ന്ന നികുതിയും ആവശ്യപ്പെടുന്നു. ഏപ്രിലില്‍ ബില്ലുകള്‍ 50% വരെ ഉയരുമെന്ന് ട്രേഡ് ബോഡി എനര്‍ജി യുകെ പ്രവചിക്കുന്നു. ലോകമെമ്പാടുമുള്ള മൊത്തവ്യാപാര ഗ്യാസിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ശരാശരി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 700 പൗണ്ട് കൂടി അധികമായി നല്‍കേണ്ടിവരുമെന്ന് ആണ് മുന്നറിയിപ്പ്.

ഏപ്രില്‍ 1 മുതല്‍ എനര്‍ജി ബില്‍ കുതിച്ചുയരുമ്പോള്‍ സാധാരണ കുടുംബങ്ങളെ സഹായിക്കണമെന്ന് ഭരണകക്ഷിയില്‍ നിന്ന് തന്നെ ആവശ്യം ശക്തമായിരുന്നു . പ്രൈസ് ക്യാപ് ഉയര്‍ത്തുന്നതോടെ വിലയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന് മുന്‍പ് എന്തെങ്കിലും ചെയ്യണമെന്നാണ് മന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രഷറിയില്‍ നിന്നും അധിക ഫണ്ട് ഇറക്കാനുള്ള നടപടികളാകും പ്രധാനമായും സ്വീകരിക്കുക.

ഫെബ്രുവരി 7നകം ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൈസ് ക്യാപ് എത്രത്തോളം ഉയര്‍ത്തുമെന്ന് എനര്‍ജി വാച്ച്‌ഡോഗ് ഓഫ്‌ജെം തീരുമാനിക്കുന്നത് ഈ തീയതിയിലാണ്. ഈ മാറ്റം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരികയും, സെപ്റ്റംബര്‍ വരെ തുടരുകയും ചെയ്യും.

കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 700 പൗണ്ട് വരെ വര്‍ദ്ധനവാണ് നേരിടേണ്ടി വരികയെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് വാര്‍ഷിക ബില്‍ 1877 പൗണ്ടിന് മുകളിലേക്ക് കടക്കും. വാം ഹൗസ് ഡിസ്‌കൗണ്ട് വിപുലമാക്കുകയാണ് ഇതില്‍ നിന്നും സംരക്ഷണം നല്‍കാനുള്ള ഒരു വഴിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2.2 മില്ല്യണ്‍ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ ഈ സ്‌കീമുള്ളത്. ഇതുവഴി 2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ 140 പൗണ്ട് നല്‍കുന്നുണ്ട്. അടുത്ത വിന്ററില്‍ ഇതില്‍ 10 പൗണ്ട് കൂട്ടണമെന്നാണ് മന്ത്രിമാര്‍ നിശ്ചയിച്ചിരിക്കുന്നത്. 8 ലക്ഷം ഭവനങ്ങളെ കൂടി സ്‌കീമില്‍ ഉള്‍പ്പെടുത്താനും നീക്കമുണ്ട്. ഇതിനായി സ്‌കീം കൂടുതല്‍ വിപുലമാക്കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.