
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ ഒമിക്രോണിനെ നേരിടാനുള്ള പ്ലാന്‍ ബി വിലക്കുകള്‍ ഇന്ന് അവസാനിപ്പിച്ചു. മാസ്‌കും, വാക്‌സിന്‍ രേഖയും ഇനി നിര്‍ബന്ധമില്ല . ഷോപ്പുകളിലും, പൊതു ഗതാഗത സംവിധാനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന നിബന്ധനയാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. നൈറ്റ് ക്ലബിലും, വലിയ വേദികളിലും പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ രേഖയോ, നെഗറ്റീവ് ടെസ്റ്റ് ഫലമോ ഹാജരാക്കണമെന്ന നിബന്ധനയും റദ്ദായി.
എന്നാല്‍ ലണ്ടനില്‍ മാസ്‌ക് നിബന്ധനയില്‍ ഇളവില്ലെന്ന് മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി. തലസ്ഥാന നഗരത്തില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടില്‍ തുടര്‍ന്നും മാസ്‌ക് ധരിക്കാനാണ് നിര്‍ദ്ദേശം. കോവിഡ്-19 വ്യാപനം തടയാന്‍ ഏറ്റവും എളുപ്പവും, ഫലപ്രദവുമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മാസ്‌ക് ധരിക്കല്‍, സര്‍ക്കാര്‍ ഈ മാറ്റം പുനരാലോചിക്കണം എന്നും ലണ്ടന്‍ മേയര്‍ ആവശ്യപ്പെട്ടു.
അതുപോലെ രാജ്യത്തെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വ്യത്യസ്തമായ നയങ്ങളാണ് മാസ്‌ക് നിബന്ധനയില്‍ സ്വീകരിച്ചിരിക്കുന്നത്. സെയിന്‍സ്ബറീസ് ജീവനക്കാരോടും, കസ്റ്റമേഴ്‌സിനോടും മാസ്‌ക് തുടര്‍ന്നും ധരിക്കാന്‍ ആവശ്യപ്പെടുന്നു. ജോണ്‍ ലൂയിസ്, വെയ്റ്റ്‌റോസ് എന്നിവര്‍ ഷോപ്പിംഗിന് എത്തുന്നവരോടും, ജീവനക്കാരോടും സ്‌റ്റോറില്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നു.
അതേസമയം, മോറിസണ്‍സാണ് മാസ്‌ക് നിബന്ധനയില്‍ സര്‍ക്കാര്‍ നയം പിന്തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ മാസ്‌ക് ധരിക്കാതെ ഷോപ്പിംഗിന് എത്താന്‍ കഴിയും. ആല്‍ഡി, ലിഡില്‍, ടെസ്‌കോ, ആസ്ദ എന്നിവര്‍ മാസ്‌ക് നയം വ്യക്തമാക്കിയിട്ടില്ല.
ഇതൊക്കെയാണെങ്കിലും സ്ഥാപനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കോവിഡ് പാസ് ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കാം. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആളുകളെ ഇനി ഉപദേശിക്കില്ല, ഓഫീസുകളിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് തൊഴിലുടമകളുമായി ചര്‍ച്ച ചെയ്യണം. വ്യാഴാഴ്ച മുതല്‍, സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ മാസ്ക്ക് ധരിക്കേണ്ടതില്ല, കമ്യൂണല്‍ മേഖലകളില്‍ അവരുടെ ഉപയോഗത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം ഉടന്‍ നീക്കം ചെയ്യും.
യാത്രാ നിയമങ്ങള്‍ ലഘൂകരിക്കുന്നതും ഇംഗ്ലണ്ടിലെ കെയര്‍ ഹോം സന്ദര്‍ശനത്തിനുള്ള നിയന്ത്രണങ്ങളും സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നു. പ്ലാന്‍ ബി നടപടികള്‍ പിന്‍വലിക്കുന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നിമിഷമാണ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. കൈ കഴുകല്‍, വായുസഞ്ചാരമുള്ള മുറികള്‍, പോസിറ്റീവ് ആണെങ്കില്‍ സ്വയം ഒറ്റപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെ വൈറസ് അകറ്റിനിര്‍ത്താനുള്ള നടപടികള്‍ തുടരാന്‍ സാജിദ് ജാവിദ് ആളുകളോട് അഭ്യര്‍ത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല