1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2022

സ്വന്തം ലേഖകൻ: ജനുവരി 30 ഞായറാഴ്ച മുതല്‍ രാജ്യത്തെ സ്‌കൂളുകള്‍ പൂര്‍ണ ശേഷിയില്‍ തുറക്കാനുള്ള ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രക്ഷിതാക്കള്‍. ഒരു വിഭാഗം തീരുമാനത്തെ ധീരമെന്ന് വിശേഷിപ്പിച്ചപ്പോള്‍, മറ്റൊരു വിഭാഗം രക്ഷിതാക്കള്‍ പറയുന്നത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സുരക്ഷ അപകടത്തിലാക്കാന്‍ തങ്ങളില്ലെന്നാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ അഭിപ്രായം ആരായുകയോ കുട്ടികളെ ക്ലാസ്സിലേക്ക് അയക്കണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാന്‍ അവര്‍ക്ക് അവസരം നല്‍കുകയോ ചെയ്തില്ല എന്നതാണ് പലരുടെയും പരാതി. അതേസമയം, മാളുകളിലും പാര്‍ക്കുകളിലും വിവാഹച്ചടങ്ങുകളിലും മറ്റും കുട്ടികളെ അയക്കാന്‍ മടിയില്ലാത്തവര്‍ക്ക് സ്‌കൂളിലേക്ക് മാത്രം അയക്കാന്‍ എന്താണ് പ്രശ്‌നം എന്നാണ് എതിര്‍പക്ഷക്കാരുടെ ചോദ്യം.

കിന്റര്‍ഗാര്‍ട്ടനില്‍ ഉള്‍പ്പെടെ ചെറിയ ക്ലാസ്സുകളില്‍ പ്രത്യേകിച്ച് സാമൂഹിക അകലം പാലിച്ച് ക്ലാസ്സുകള്‍ നടത്തുക അസാധ്യമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒരു ഖത്തരി അധ്യാപികയുടെ പ്രതികരണം. കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതിന് മുമ്പ് എടുക്കുന്ന ആന്റിജന്‍ ടെസ്റ്റിന്റെ ചെലവ് സ്‌കൂള്‍ തന്നെ വഹിക്കണമെന്നാണ് മുഹമ്മദ് അലിമാദി എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ ആവശ്യം. ഒമിക്രോണ്‍ വകഭേദം കുട്ടികളില്‍ വളരെ വേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ പൂര്‍ണ ശേഷിയില്‍ തുറക്കുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്ല രീതിയില്‍ നടന്നുവരുന്നുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തില്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമാണ് തനിഷ്ത ജേയുടെ അഭിപ്രായം. അധിക പേരിലും ഒമിക്രോണ്‍ നേരിയ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമാണ് സൃഷ്ടിക്കുന്നതെങ്കിലും എല്ലാവരിലും അങ്ങനെ ആയിക്കൊള്ളണമെന്നില്ലെന്നും അതിനാല്‍ തന്റെ മക്കളെ സ്‌കൂളിലേക്ക് അയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് മറ്റൊരു ഫെയ്‌സ്ബുക്ക് ഉപയോക്താവ് രവി സിംഗ് രജ്പുത്തിന്റെ പോസ്റ്റ്.

12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും ഈ തീരുമാനം അപകടം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മന്ത്രാലയത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. കോവിഡ് കുറച്ചുകാലം കൂടി ഇവിടെയൊക്കെ തന്നെ കാണുമെന്നും ജീവിതം സാധാരണ നിലയിലേക്ക് ചതിരിച്ചുകൊണ്ടുവരിക എന്നത് പ്രധാനമാണെന്നുമാണ് ഇവരുടെ പക്ഷം.

സ്‌കൂള്‍ പൂര്‍ണമായി തുറക്കാനുള്ള തീരുമാനം ധീരമാണെന്നും അതുമായി മുന്നോട്ടുപോവണമെന്നും അവര്‍ പറയുന്നു. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തില്‍ മാത്രമായി ഒതുക്കുന്നത് അവരുടെ മാനസിക, ശാരീരക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.