
സ്വന്തം ലേഖകൻ: അടുത്ത ചൊവ്വാഴ്ച മുതല്‍ അഥവാ ജനുവരി ഒന്നു മുതല്‍ സൗദിയില്‍ തൊഴില്‍ സ്ഥലങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന് നിര്‍ബന്ധമാക്കും. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കെല്ലാം വ്യവസ്ഥ ബാധകമാവും. അതോടെ, റെസ്റ്റൊറന്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. വിമാന യാത്രയും ഇതോടെ മുടങ്ങും. ഒരര്‍ഥത്തില്‍ ബൂസ്റ്റര്‍ എടുക്കാത്തവര്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാവും.
ഫെബ്രുവരി ഒന്നു മുതല്‍ ഇതിന് അനുസൃതമായ മാറ്റം തവക്കല്‍നാ ആപ്പിലും ഉണ്ടാവും. 18 വയസ്സ് പൂര്‍ത്തിയായവരും രണ്ടാം ഡോസ് വാക്സിന് എടുത്ത് എട്ടു മാസം പിന്നിട്ടവരുമായ ആളുകള്‍ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടില്ലെങ്കിലും അവരുടെ മൊബൈലില്‍ തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാലഹരണപ്പെടും. അന്നു മുതല്‍ പ്രതിരോധ ശേഷി ആര്‍ജിക്കാത്തവരായിട്ടാവും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെ പരിഗണിക്കുക.
അതേസമയം, രണ്ടാം ഡോസ് എടുത്ത് എട്ട് മാസം തികയാത്തവരുടെ ഇമ്മ്യൂണ്‍ സ്റ്റാറ്റസില്‍ മാറ്റമുണ്ടാവില്ല. അതിനാല്‍ എട്ട് മാസം പൂര്‍ത്തിയാവുന്നതു വരെ അവര്‍ക്ക് വിലക്ക് നിലവില്‍ വരില്ല. അതേപോലെ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന് എടുക്കുന്നതില്‍ നിന്ന് ഇളവ് നല്കപ്പെട്ട വിഭാഗങ്ങള്‍ക്കും ഫെബ്രുവരി ഒന്നു മുതല്‍ നടപ്പിലാവുന്ന പുതിയ വ്യവസ്ഥകള്‍ ബാധകമാവില്ല.
അതിനിടെ, രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ ആഴ്ച പുനരാരംഭിച്ച കെജി തലം വരെയുള്ള ക്ലാസ്സുകളില്‍ മികച്ച ഹാജര്‍ രേഖപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എടുത്ത ശക്തമായ മുന്‍കരുതല്‍, സുരക്ഷാ നടപടികളാണ് രക്ഷിതാക്കളിലും കുട്ടികളിലും ആത്മവിശ്വാസം വര്‍ധിപ്പിച്ചതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.
സ്കൂളിലെ ആദ്യ പിരീഡില്‍ കോവിഡ് സുരക്ഷാ മുന്‍കരുതലുകളെ കുറിച്ചും അവ കൃത്യമായി പാലിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുമാണ് അധ്യാപകര്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ തികഞ്ഞ ബോധമുള്ളവരാണെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, നേരിട്ടുള്ള ക്ലാസ്സുകളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്കായി മദ്റസത്തീ പ്ലാറ്റ്ഫോമിലൂടെയും റൗദത്തീ പ്ലാറ്റ്ഫോമുകളിലൂടെയും ഐഇഎന്‍ ചാനല്‍ വഴിയും തുടരുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല