1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2022

സ്വന്തം ലേഖകൻ: രാജ്യം കൈവരിച്ച പുതിയ നേട്ടങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ട് രാജ്യത്തിന്റെ ദേശീയ പതാകയും ദേശീയ ഗാനവും എംബ്ലവുമെല്ലാം പരിഷ്‌ക്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട കരട് തീരുമാനത്തിന് തിങ്കളാഴ്ച ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി അംഗീകാരം നല്‍കിയതായി സബഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവയെ കാലാനുസൃതമായ പരിഷ്‌ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

ശൂറാ കൗണ്‍സില്‍ അംഗം സഅദ് സാലിബ് അല്‍ ഉതൈബിയാണ് ഇതുമായി ബന്ധപ്പെട്ട് കരട് പദ്ധതി കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിച്ചത്. ഇത് സമിതി ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. പച്ചക്കൊടിയില്‍ മധ്യത്തിലായി ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ് (അല്ലാഹു അല്ലാതെ ആരാധനയ്ക്ക് അര്‍ഹമില്ല, മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാകുന്നു) എന്ന് അറബി ഭാഷയില്‍ എഴുതി അതിന്റെ താഴെ ഒരു വാളിന്റെ ചിത്രം അടങ്ങിയ നിലവിലെ സൗദി ദേശീയ പതാക 50 മുമ്പ് രൂപകല്‍പ്പന ചെയ്തതാണ്.

അതിനു ശേഷം രാജ്യം എല്ലാ രംഗങ്ങളിലും വലിയ കുതിച്ചു ചാട്ടം നടത്തയതായി അദ്ദേഹം പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന വിഷന്‍ 2030മായി ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ രാജ്യത്തിന്റെ പതാകയും എംബ്ലവും ദേശീയ ഗാനവും പരിഷ്‌ക്കരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ നിയമ വ്യവസ്ഥകള്‍ നിലവില്‍ ഇല്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പതാകയിലും എംബ്ലത്തിലും മറ്റും പരിഷ്‌ക്കാരങ്ങള്‍ വരുത്തുന്നതോടൊപ്പം അവയുമായി ബന്ധപ്പെട്ട വ്യക്തമായ നിയമനിര്‍മാണവും പുതിയ ഭേദഗതിയിലൂടെ സൗദി ലക്ഷ്യമിടുന്നുണ്ട്.

ഇവയുടെ സ്വഭാവം, ഉള്ളടക്കം, ഉപയോഗവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍, ദുരുപയോഗം ചെയ്യുകയോ നിയമം ലംഘിച്ച് ഉപയോഗിക്കുകയോ ചെയ്താലുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തും. അതേസമയം, എന്തൊക്കെ മാറ്റങ്ങളാണ് വരാന്‍ പോകുന്നത് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദേശീയ പതാക പരിഷ്‌ക്കരിക്കണമെന്ന ആവശ്യം ഇതിനു മുമ്പും ഉയര്‍ന്നുവന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനം ആയിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.