
സ്വന്തം ലേഖകൻ: സൗദിയിൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകൾ അംഗീകരിച്ച കച്ചവട നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ബിനാമി വിരുദ്ധ ദേശീയ പദ്ധതി വ്യക്തമാക്കി. സുസ്ഥിരമായ രീതിയിൽ വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പത്ത് മാനദണ്ഡങ്ങൾ അധികൃതർ വിശദീകരിച്ചു. സ്ഥാപനത്തിെൻറ എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തുകയും ഇക്കാര്യത്തിൽ പ്രധാന ചട്ടങ്ങൾ പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പദ്ധതി ഉൗന്നിപറഞ്ഞു.
കാലാവധിയുള്ള വാണിജ്യ രജിസ്ട്രേഷൻ സ്ഥാപനത്തിന് ഉണ്ടായിരിക്കുക, സ്ഥാപന നടത്തിപ്പിനാവശ്യമായ എല്ലാ ഡാറ്റയും ലൈസൻസുകളും കാലാവധിയുള്ളതായിരിക്കുക, സ്ഥാപനത്തിന് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുക, വാണിജ്യ ഇടപാടുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കാതിരിക്കുക, പ്രവർത്തന ലൈസൻസ് പുതുക്കിയെന്ന് ഉറപ്പാക്കുക, സ്ഥാപനത്തിന്റെ വിലാസം അപ്ഡേറ്റ് ചെയ്യുക, വേതന സംരക്ഷണത്തിനുള്ള സർക്കാർ പദ്ധതിയിൽ സ്ഥാപനം രജിസ്റ്റർ ചെയ്യുക, തൊഴിൽ വേതന ഡാറ്റ രേഖപ്പെടുത്തുക, കരാറുകൾ ഇലക്ട്രോണിക് ആയി രേഖപ്പെടുത്തുക, സ്ഥാപനത്തിൽ നിയമാനുസൃതമല്ലാത്ത തൊഴിലാളികളെ നിയമിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക എന്നിവ നിർബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങളിലുൾപ്പെടും.
സ്വദേശികളല്ലാത്ത വ്യക്തിക്ക് സ്ഥാപനത്തിൽ പുർണാധികാരത്തോടെ പ്രവർത്തിക്കാൻ സഹായിക്കുന്ന സാഹചര്യം അനുവദിക്കാതിരിക്കുക, ഇലക്ട്രോണിക് പേയ്മെൻറ് രീതികൾ അവലംബിക്കുക, ഇലക്ട്രോണിക് ആയി ബില്ലുകൾ ഇഷ്യൂ ചെയ്യുകയും അവ സൂക്ഷിക്കുകയും ചെയ്യുക. നിയമാനുസൃതമായ രീതികളിലൂടെ പ്രവർത്തനങ്ങൾക്ക് ധനസഹായം ലഭ്യമാക്കുക, അതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും രേഖപ്പെടുത്തുകയും സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനും പ്രോഗ്രാം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല