
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ സമയത്ത് ഡൗണിംഗ് സ്ട്രീറ്റിലെ പാര്‍ട്ടികളെക്കുറിച്ച് തങ്ങള്‍ക്ക് കഴിയുന്ന എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വാഗ്ദാനം. കോവിഡ് നിയമ ലംഘനത്തിന് പ്രധാനമന്ത്രിക്ക് തന്നെ എന്തെങ്കിലും പിഴ ചുമത്തുമോ എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് പ്രതികരണം.
ആദ്യം ഇതിനെ കുറിച്ച് വെളിപ്പെടുത്താന്‍ വിസമ്മതിച്ചുവെങ്കിലും വിവാദം കത്തിയതോടെ പിന്നീട് ‘കഴിയുന്ന വിവരങ്ങൾ പു റത്തുവിടുമെന്ന് നിലപാട് മാറ്റുകയായിരുന്നു. പ്രധാനമന്ത്രിയ്ക്ക് ലഭിക്കുന്ന ഏത് ശിക്ഷയെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്ന് ലേബര്‍ വൃത്തങ്ങൾ പറഞ്ഞു.
“ഇതൊരു വലിയ കാര്യമായിരിക്കരുത്… ഒരു ഔണ്‍സ് സുതാര്യത ബോറിസ് ജോണ്‍സണില്‍ നിന്ന് ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല,“ എന്ന് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍ ഏഞ്ചല റെയ്‌നര്‍ ട്വീറ്റ് ചെയ്തു:
12 ഒത്തുചേരലുകളില്‍ നിയമലംഘനം ഉണ്ടാകാന്‍ സാധ്യതയുണ്ടോയെന്നു അന്വേഷിക്കുന്ന മെട്രോപൊളിറ്റന്‍ പോലീസ്, പിഴ നോട്ടീസ് ന ല്‍കുന്ന ആരുടെയും പേര് പുറത്തുവിടുന്നത് സ്വയം നിരസിച്ചു. എന്നാല്‍ തിരിച്ചറിഞ്ഞ ഓരോ ഇവന്റിനും നല്‍കിയ ആകെ പെനാല്‍റ്റികളുടെ എണ്ണം വെളിപ്പെടുത്തുമെന്നും അവ എന്തിനാണ് നല്‍കിയതെന്ന് വിശദീകരിക്കുമെന്നും ഫോഴ്‌സ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് സമ്മേളനങ്ങളില്‍ പങ്കെടുത്ത ജോണ്‍സണ്‍ നാലാമത്തേതില്‍ പങ്കെടുത്തോ എന്ന് പറയാന്‍ വിസമ്മതിക്കുകയും, പേര് വെളിപ്പെടുത്താതെ പിഴ ഈടാക്കാന്‍ സാധ്യതയുണ്ടെന്നും ലേബര്‍ പരാതിപ്പെട്ടു. രാജ്യവും ജനങ്ങളും കര്‍ശനമായ ലോക്ക്ഡൗണിലായിരുന്നപ്പോള്‍ ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികള്‍, നേതൃത്വത്തിനുണ്ടായ ഗുരുതര വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് സ്യൂ ഗ്രേ അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്ന 16 പാര്‍ട്ടികള്‍ തന്റെ അന്വേഷണ പരിധിയില്‍ വന്നിട്ടുണ്ടെന്നും അതില്‍ 12 എണ്ണം ഇപ്പോള്‍ മെറ്റ് പോലീസ് അന്വേഷിക്കുകയാണെന്നും സ്യൂ ഗ്രേ വെളിപ്പെടുത്തി. മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മൂന്ന് പാര്‍ട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ മന്ദിരങ്ങളില്‍ നടന്ന അമിത മദ്യപാനവും സ്യൂ ഗ്രേ ചൂണ്ടിക്കാട്ടി. 2021 ഏപ്രില്‍ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ സാമൂഹിക നിയന്ത്രണം ലംഘിച്ച് രണ്ടു മദ്യസല്‍ക്കാരം നടന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത ജീവനക്കാര്‍ സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സൂട്ട്കേസ് നിറയെ മദ്യം വാങ്ങിയിരുന്നു.
ബോറിസ് ജോണ്‍സണെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടില്‍. രാജി വെച്ച് ഒഴിയുക എന്നതാണ് പ്രധാനമന്ത്രിക്ക് ഇനി ചെയ്യാന്‍ പറ്റുന്ന മാന്യമായ കാര്യമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ തുറന്നടിച്ചു. ജോണ്‍സന് നേരത്തെ പിന്തുണ നല്‍കിയ ടോറി പാര്‍ട്ടിയിലെ എംപിമാര്‍ വരെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്നും വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റ് പറ്റിയെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയതും ശ്രദ്ധേയമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല