1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2022

സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ സമയത്ത് ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ പാര്‍ട്ടികളുടെ പേരില്‍ വിവാദം കൊഴുക്കുകയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ രാജി ആവശ്യം ശക്തമാവുകയും ചെയ്യുന്നതിനിടെ പ്രധാനമന്ത്രിയുടെ സഹായികളുടെ കൂട്ടരാജി. മണിക്കൂറുകള്‍ക്കിടെ നാല് സഹായികള്‍ ആണ് രാജിവച്ചു പുറത്തുപോയത്. ഉന്നതരായ സഹായികള്‍ പോയതോടെ ബോറിസ് ജോണ്‍സണ്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. പ്രതിസന്ധിയിലായത്. നാല് മുതിര്‍ന്ന സഹായികളാണ് നാല് മണിക്കൂറിനിടെ രാജിവെച്ച് ബോറിസിന് പുറത്തേക്കുള്ള വഴി തുറക്കുന്നത്.

ബോറിസിന്റെ ഏറ്റവും അടുത്ത സഹായിയായ പോളിസി ചീഫ് മുനിറാ മിര്‍സ, പ്രധാനമന്ത്രിയുടെ കമ്മ്യൂണിക്കേഷന്‍സ് ചീഫ് ജാക്ക് ഡോയല്‍, ചീഫ് ഓഫ് സ്റ്റാഫ് ഡാന്‍ റോസെന്‍ഫീല്‍ഡ് , പ്രൈവറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ റെയ്‌നോള്‍ഡ്‌സ് എന്നിവരാണ് നാല് മണിക്കൂറിനിടെ കസേരയൊഴിഞ്ഞത്. രാജിക്ക് ഒരുങ്ങിയ സോളിസിറ്റര്‍ ജനറല്‍ അലക്‌സ് ചോക്കിനെ പ്രധാനമന്ത്രി അനുനയിപ്പിച്ച് തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

പ്രതിപക്ഷ നേതാവിന് എതിരായ വ്യക്തിപരമായ കുറ്റപ്പെടുത്തല്‍ മുന്‍നിര്‍ത്തിയാണ് രാജിയെന്നാണ് മിര്‍സ രാജിക്കത്തില്‍ വ്യക്തമാക്കിയത് . പാര്‍ട്ടിഗേറ്റ് വിവാദങ്ങളില്‍ മനംനൊന്താണ് സ്ഥാനം ഒഴിയുന്നതെന്നു ഡാന്‍ റോസെന്‍ഫീല്‍ഡും, മാര്‍ട്ടിന്‍ റെയ്‌നോള്‍ഡ്‌സും വ്യക്തമാക്കി. ജാക്ക് ഡോയല്‍ രാജിവെയ്ക്കുന്നതായി വാര്‍ത്ത വന്നതിന് പിന്നാലെയായിരുന്നു ഇത്. കൂട്ടാളികളുടെ രാജി പ്രധാനമന്ത്രിയുടെ കസേര കൂടുതല്‍ ദുര്‍ബലമാക്കുന്നതാണ്. മൂന്ന് ടോറി എംപിമാര്‍ കൂടി ബോറിസിനെതിരെ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. താന്‍ നേരത്തെ പ്രധാനമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയുള്ള കത്ത് നല്‍കിയിരുന്നുവെന്ന് മുന്‍ മന്ത്രി തോബിയാസ് എല്‍വുഡ് പറഞ്ഞു. ഒപ്പം ബാക്ക് ബെഞ്ചേഴ്‌സ് ആയ ആന്റണി മംഗ്‌നാലും സര്‍ ഗാരി സ്ട്രീറ്ററും ചേര്‍ന്നു.

അവിശ്വാസത്തിന് നേരത്തെ 17 ടോറി എംപിമാര്‍ കത്ത് നല്‍കിയതായി ബിബിസി പറയുന്നു. ഇതില്‍ ഒമ്പത് പേര്‍ മാത്രമാണ് ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചത്. 1922 ബാക്ക്ബെഞ്ച് കമ്മിറ്റി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിക്ക് മാത്രമേ കൃത്യമായ കണക്ക് അറിയൂ.

പാര്‍ട്ടിയില്‍ നേതൃത്വത്തിനായി വോട്ടെടുപ്പ് നടത്താന്‍ 54 എംപിമാരെങ്കിലും സര്‍ ഗ്രഹാമിന് കത്തെഴുതേണ്ടതുണ്ട്. ബോറിസിന്റെ രാജി ആവശ്യം ദിവസം കഴിയുംതോറും കൂടി വരുന്നുണ്ട്. ഒരു ഡസന്‍ ടോറി എംപിമാര്‍ മാത്രമാണ് ബോറിസ് പോകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്. ആവശ്യമായ 54 എണ്ണത്തില്‍ കുറവാണെങ്കിലും കൂടുതല്‍ പേര്‍ അവിശ്വാസ കത്തുകള്‍ അയച്ചതായി സ്വകാര്യമായി അവകാശപ്പെട്ടു.

രാജ്യവും ജനങ്ങളും കര്‍ശനമായ ലോക്ക്ഡൗണിലായിരുന്നപ്പോള്‍ ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികള്‍, നേതൃത്വത്തിനുണ്ടായ ഗുരുതര വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് സ്യൂ ഗ്രേ അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്ന 16 പാര്‍ട്ടികള്‍ തന്റെ അന്വേഷണ പരിധിയില്‍ വന്നിട്ടുണ്ടെന്നും അതില്‍ 12 എണ്ണം ഇപ്പോള്‍ മെറ്റ് പോലീസ് അന്വേഷിക്കുകയാണെന്നും സ്യൂ ഗ്രേ വെളിപ്പെടുത്തി. മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മൂന്ന് പാര്‍ട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ മന്ദിരങ്ങളില്‍ നടന്ന അമിത മദ്യപാനവും സ്യൂ ഗ്രേ ചൂണ്ടിക്കാട്ടി. 2021 ഏപ്രില്‍ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ സാമൂഹിക നിയന്ത്രണം ലംഘിച്ച് രണ്ടു മദ്യസല്‍ക്കാരം നടന്നു. പാര്‍ട്ടിയില്‍ പ​ങ്കെടുത്ത ജീവനക്കാര്‍ സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സൂട്ട്കേസ് നിറയെ മദ്യം വാങ്ങിയിരുന്നു.

ബോറിസ് ജോണ്‍സണെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടില്‍. രാജി വെച്ച് ഒഴിയുക എന്നതാണ് പ്രധാനമന്ത്രിക്ക് ഇനി ചെയ്യാന്‍ പറ്റുന്ന മാന്യമായ കാര്യമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ തുറന്നടിച്ചു. ജോണ്‍സന് നേരത്തെ പിന്തുണ നല്‍കിയ ടോറി പാര്‍ട്ടിയിലെ എംപിമാര്‍ വരെ റിപ്പോര്‍ട്ട്‌ പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.